ഓണ്‍ലൈന്‍ പഠനം: ബംഗാളില്‍ 9.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 10000 രൂപ വീതം നല്‍കുമെന്ന് മമത
മൂന്നാഴ്ച്ചക്കുള്ളില്‍ പണം നേരിട്ട് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് കൈമാറുമെന്നും മമതാ ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊല്‍ക്കത്ത: ഓണ്‍ലൈന്‍ പഠനത്തിന് ടാബ് ലെറ്റുകളും സ്മാര്‍ട്ട് ഫോണുകളും വാങ്ങുന്നതായി ഒമ്പത ലക്ഷം വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്ക് 10000 രൂപ വീതം ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പന്ത്രണ്ടാം ക്ലാസിലെ 9.5 ലക്ഷം വിദ്യാര്‍ത്ഥികളുടെ ടാബ്‌ലെറ്റുകള്‍ നല്‍കുന്നതിനുപകരം സര്‍ക്കാര്‍ സ്‌കൂളുകളിലും മദ്രസകളിലുമായി 10,000 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കാനാണ് തീരുമാനം.
ഡിസംബര്‍ 3 ന് 14,000 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും 636 മദ്രസകളിലുമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ടാബ്‌ലെറ്റുകള്‍ വിതരണം ചെയ്യുമെന്ന് ബാനര്‍ജി അറിയിച്ചിരുന്നു. എന്നാല്‍, ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം ടാബ്‌ലെറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനികള്‍ അറിയിച്ചതോടെയാണ് പണം നല്‍കാന്‍ തീരുമാനിച്ചത്.
പണം വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയാല്‍ ടാബ്‌ലെറ്റുകളോ സ്മാര്‍ട്ട് ഫോണുകളോ വാങ്ങാമെന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങാമെന്നും മമത അറിയിച്ചു.
ടാബ് ലറ്റുകള്‍ വാങ്ങുന്നതിനായി കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍, 1.5 ലക്ഷം ടാബ് ലറ്റുകള്‍ മാത്രമാണ് ലഭ്യമാവുക. ചൈനീസ് ഉല്‍പന്നങ്ങള്‍ വാങ്ങരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഉള്ളതിനാല്‍ മറ്റു ബ്രാന്‍ഡുകളാണ് നോക്കിയത്. ഇതാണ് ലഭ്യത കുറഞ്ഞതെന്നും അവര്‍ അറിയിച്ചു. മൂന്നാഴ്ച്ചക്കുള്ളില്‍ പണം നേരിട്ട് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് കൈമാറുമെന്നും മമതാ ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.