വിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല കമ്മ്യൂണിസ്റ്റ് വിടപറയുമ്പോള്‍...
കോഴിക്കോട്: സിപിഎമ്മിന്റെ കേരള ഘടകത്തില്‍ രൂപപ്പെട്ടുവന്ന വലതുപക്ഷ വ്യതിയാനത്തിനെതിരേ രംഗത്തുവന്നതോടെയാണ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടിയിലെ വിമതശബ്ദമായി മാറുന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത മൂര്‍ച്ഛിച്ച കാലത്ത് ബെര്‍ലിന്‍ വി എസ് അച്യുതാനന്ദനൊപ്പം നിലയുറപ്പിച്ചു. സിപിഎമ്മിലെ കരുത്തനായ പിണറായി വിജയനെതിരേ വി എസ് യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന വലംകൈ ബെര്‍ലിനായിരുന്നു. ഇതോടെ പിണറായി വിജയന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു ബെര്‍ലിന്‍. പൊതുവേദികളില്‍ പിണറായിക്കെതിരേ ആഞ്ഞടിച്ചു. പാര്‍ട്ടിയിലെ നയവ്യതിയാനങ്ങളില്‍ പിണറായിയെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു വിമര്‍ശനങ്ങള്‍.
പാര്‍ട്ടിയെ മുതലാളിത്ത, വലതുപക്ഷ താല്‍പ്പര്യക്കാര്‍ പിടിമുറുക്കുന്നുവെന്നതായിരുന്നു പ്രധാന കുറ്റപ്പെടുത്തല്‍. ഒടുവില്‍ വിമതശല്യം സഹിക്കാനാവാതെ 2005ല്‍ സിപിഎം ബെര്‍ലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കി. നിരന്തരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു അച്ചടക്ക നടപടി. ബെര്‍ലിന്റെ ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്നായിരുന്നു പ്രതികാര നടപടി. പാര്‍ട്ടിയില്‍നിന്ന് പുറത്തായതിനുശേഷവും ബെര്‍ലിന്‍ പിണറായിയെ വേട്ടയാടിക്കൊണ്ടിരുന്നു. 'പൊളിച്ചെഴുത്ത്' എന്ന ആത്മകഥയിലും 'ഒളികാമറകള്‍ പറയാത്തത്' എന്ന അനുഭവക്കുറിപ്പുകളിലും പിണറായിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്.
വാര്‍ധക്യസഹജമായ അസുഖങ്ങളുമായി വീട്ടിലേക്ക് ഒതുങ്ങിയതോടെ സജീവരാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങി. ഇടക്കാലത്ത് വി എസ് വീട്ടിലെത്തി സന്ദര്‍ശിക്കുന്നതൊഴിച്ചാല്‍ മുതിര്‍ന്ന പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ കൈവിട്ടു. 2015ല്‍ ബെര്‍ലിന് പാര്‍ട്ടി അംഗത്വം തിരിച്ചുനല്‍കി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പിണറായി വിജയനെതിരായ വിമര്‍ശനങ്ങള്‍ക്ക് മാപ്പ് പറഞ്ഞത് രാഷ്ട്രീയ കേരളത്തില്‍ വീണ്ടും ചര്‍ച്ചാ വിഷയമായി. ഇഎംഎസിലും മികച്ച മുഖ്യമന്ത്രിയാണെന്ന് വിശേഷിപ്പിച്ച് പിണറായിയെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. പിണറായിയാണ് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും നേരില്‍കണ്ട് ക്ഷമ പറയണമെന്ന് ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി.
അതേസമയം, ബെര്‍ലിന്റെ നാടായ നാറാത്തുവഴി പലതവണ കടന്നുപോയെങ്കിലും ഒരിക്കല്‍പോലും അദ്ദേഹത്തെ കാണാന്‍ പിണറായി തയ്യാറായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി അനുവദിച്ചില്ല. എന്നാല്‍, പാര്‍ട്ടി അംഗമായിരിക്കെ മരിക്കണമെന്ന ബെര്‍ലിന്റെ അഭിലാഷം യാഥാര്‍ഥ്യമായി. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സോഷ്യലിസ്റ്റ് ലോകത്തിന്റെയും ഇടനാഴികളിലൂടെ കുഞ്ഞനന്തന്‍ നായരെപ്പോലെ സഞ്ചരിച്ച മറ്റൊരാള്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. 1962 ജനുവരി മുതല്‍ 1992 വരെ മൂന്നുപതിറ്റാണ്ട് കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്‌സ് വാരികയുടെയും ദേശാഭിമാനി ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യന്‍ ലേഖകനായി ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിന്‍ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു.
ബര്‍ലിന്‍ മതിലാണ് കുഞ്ഞനന്തന്‍നായരെ ജര്‍മനിയിലെത്തിച്ചത്. ബെര്‍ലിന്‍ നഗരത്തെ നെടുകെ വിഭജിച്ചുകൊണ്ട് ഇരുജര്‍മനിയെയും വേര്‍തിരിക്കുന്നതിന് 1961 ആഗസ്ത് 13ന് അര്‍ധരാത്രിയാണ് പതിനായിരക്കണക്കിന് ജനങ്ങള്‍ ചേര്‍ന്ന് ഈ കൂറ്റന്‍മതില്‍ കെട്ടിപ്പൊക്കിയത്. ഒരു രാജ്യത്തിന്റെ ഭാഗമായി ജീവിച്ച ജനതയെ വന്‍മതില്‍കൊണ്ട് വേര്‍തിരിച്ചതിനെതിരേ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വന്‍ പ്രചാരവേലയാരംഭിച്ചു. ഇതിന് മറുപടി പറയാനും ഇക്കാര്യത്തില്‍ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ നിലപാട് പ്രചരിപ്പിക്കാനും ഇന്ത്യയില്‍നിന്ന് ഒരാളെ ജര്‍മനിയിലേക്ക് അയക്കണമെന്ന കിഴക്കന്‍ ജര്‍മന്‍ സോഷ്യലിസ്റ്റ് ഭരണത്തലവന്‍ വാള്‍ട്ടര്‍ ഉള്‍ബ്രിറ്റിന്റെ നിര്‍ദേശമനുസരിച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയഘോഷിന്റെ ആവശ്യപ്രകാരമാണ് കുഞ്ഞനന്തന്‍ നായര്‍ ബെര്‍ലിനിലെത്തുന്നത്.
അങ്ങനെയാണ് പി കെ കുഞ്ഞനന്തന്‍ നായര്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരാവുന്നത്. 13ാം വയസ് മുതല്‍ ബാലസംഘത്തിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യസംഘടനയിലും പാര്‍ട്ടിയെ നിയമവിധേയമാക്കിയശേഷം കേന്ദ്രകമ്മിറ്റി ഓഫിസിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു കുഞ്ഞനന്തന്‍ നായര്‍. കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. 1942 ലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുന്നത്. 1943ല്‍ ജാപ്പ് വിരുദ്ധ ബാലസംഘം എന്ന പേരില്‍ ജപ്പാനെതിരേ പ്രചാരണം നടത്തി. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് നിര്‍ഭയമായി പ്രവര്‍ത്തിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുത്ത ജീവിച്ചിരിക്കുന്ന ഏക വ്യക്തിയെന്ന വിശേഷണത്തിന് ഉടമയായിരുന്നു ബെര്‍ലിന്‍. അന്ന് 17 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
1957ല്‍ ഇഎംഎസ് മുഖ്യമന്ത്രിയായ സമയത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിതലസെക്രട്ടറിയായും 1961ലെ അമരാവതി സത്യഗ്രഹകാലത്ത് എകെജിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പമാണ് അദ്ദേഹം നിലകൊണ്ടത്. ഇടക്കാലത്ത് ജര്‍മനിയില്‍ താമസിച്ച അദ്ദേഹം തിരികെയെത്തിയപ്പോള്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് അംഗത്വത്തിലായിരുന്നു. 1926 നവംബര്‍ 26 ന് കണ്ണൂര്‍ കോളങ്കടയിലായിരുന്നു ജനനം.
ചിറക്കല്‍ തമ്പുരാന്റെ കാര്യസ്ഥനായിരുന്ന പുതിയ വീട്ടില്‍ അനന്തന്‍ നായര്‍, ശ്രീദേവി അമ്മ ദമ്പതികളുടെ മകനായിരുന്നു. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂളിലും, പിന്നീട് കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂളിലും, ചിറക്കല്‍ രാജാസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജാസ് സ്‌കൂളിലെ പഠന കാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. രാഷ്ട്രീയത്തില്‍ പി കൃഷ്ണപിള്ളയായിരുന്നു ബെര്‍ലിന്റെ ഗുരു. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ബാലഭാരത സംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് ബെര്‍ലിനെത്തിയത് ഇങ്ങനെയായിരുന്നു.