രാജ്യത്ത് അക്രമം അഴിച്ചുവിടാനുള്ള ഹിന്ദുത്വ വര്‍ഗീയവാദികളുടെ നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണം: പോപുലര്‍ഫ്രണ്ട്

സംഘപരിവാര്‍ സംഘടനകള്‍ മുസ്‌ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ വിദ്വേഷ ഭീഷണി കാംപയിനുകള്‍ ശക്തമാക്കുക മാത്രമല്ല, അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീവ്രമായ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നുവെന്നാണ് വിവിധ ദേശീയ പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

Update: 2021-12-04 04:35 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടാനുള്ള ഹിന്ദുത്വ വര്‍ഗീയ വാദികളുടെ പദ്ധതികളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവിധ റിപോര്‍ട്ടുകള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാര്‍ സംഘടനകള്‍ മുസ്‌ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ വിദ്വേഷ ഭീഷണി കാംപയിനുകള്‍ ശക്തമാക്കുക മാത്രമല്ല, അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീവ്രമായ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നുവെന്നാണ് വിവിധ ദേശീയ പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

മഥുരയില്‍ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് ക്ഷേത്രമാക്കി മാറ്റണമെന്ന ഹരജി പ്രാദേശിക കോടതി സ്വീകരിച്ച വേളയില്‍ 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത ദിവസമായ ഡിസംബര്‍ ആറിന് ഷാഹി മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന പ്രഖ്യാപിച്ചിരുന്നു. അയോധ്യയിലെ മസ്ജിദിന്റെ കാര്യത്തിലെന്നപോലെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് വാരണാസിയിലെയും മഥുരയിലെയും മസ്ജിദുകള്‍ പിടിച്ചെടുക്കാനുള്ള വ്യക്തമായ ഉദ്ദേശം ഉള്ളതായി ഈ തീയതിയുടെ തിരഞ്ഞെടുപ്പ് തന്നെ വെളിവാക്കുന്നു.

ചരിത്ര പ്രാധാന്യമുള്ള വാരണാസി, മഥുര മസ്ജിദുകളുടെ കാര്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങള്‍, ബാബരി മസ്ജിദ് തകര്‍ത്തതിനും അതേ സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനും കാരണമായ സംഭവങ്ങളുടെ കാലഗണനയെ ഓര്‍മപ്പെടുത്തുന്നു. ഡിസംബര്‍ ആറിന് ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ വിഗ്രഹപ്രതിഷ്ഠ നടത്തുമെന്ന പ്രഖ്യാപനം എന്തൊ കാരണങ്ങള്‍ കൊണ്ട് പിന്‍വലിച്ചിട്ടുണ്ടെങ്കിലും അതേ മസ്ജിദ് ശ്രീകൃഷ്ണക്ഷേത്രമാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

1991ലെ ആരാധനാലയങ്ങള്‍ (പ്രത്യേക വ്യവസ്ഥകള്‍) നിയമം അനുസരിച്ച് നിലവിലുള്ള എല്ലാ മസ്ജിദുകളുടെയും തല്‍സ്ഥിതി സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്നിരിക്കെയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. നിലവിലുള്ള നിയമമനുസരിച്ച് എല്ലാ മുസ്ലിം ആരാധനാലയങ്ങളും സംരക്ഷിക്കുന്നതില്‍ നിയമസംവിധാനങ്ങള്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണം.

യുപി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യം മുസ്ലിം വിരുദ്ധ കുപ്രചരണങ്ങള്‍ക്കും ചില സ്ഥലങ്ങളില്‍ മുസ്ലിംകളുടെ നമസ്‌കാരത്തിനും ബാങ്ക് വിളിക്കും ഭീഷണി നേരിടുകയാണ്. ഗുഡ്ഗാവില്‍ ജുമാ നമസ്‌കാരം നടത്തുന്നതിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ച തടസ്സങ്ങളും അവരുമായി ഭരണകൂടവും പോലിസും ഒത്തുകളിച്ചതും വലിയ വര്‍ഗീയ അജണ്ടയുടെ ഭാഗമായി കാണേണ്ടതാണ്.

കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മുസ്‌ലിംകളെ ആക്രമിക്കുമെന്നും ഉന്മൂലനം ചെയ്യുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുന്ന ആര്‍എസ്എസ് സമ്മേളനങ്ങളെക്കുറിച്ച് പതിവായി റിപോര്‍ട്ടുകള്‍ വരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് ആയുധപരിശീലനത്തിലും സ്‌ഫോടകവസ്തു നിര്‍മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്നുവെന്ന സമീപകാല റിപോര്‍ട്ടുകളും ആശങ്കാജനകമാണ്. എന്നാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കേസെടുക്കുന്നതിനും പോലിസ് മുതിരുന്നില്ല.

ദൗര്‍ഭാഗ്യവശാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും അവിടുത്തെ സര്‍ക്കാരുകളിലും സ്വാധീനമുള്ള മതേതര പാര്‍ട്ടികള്‍ അക്രമം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് ശ്രമത്തെ അവഗണിച്ച് അവരുടെ അജണ്ടയെ പരോക്ഷമായി സഹായിക്കുന്നു. മാത്രമല്ല, ജിഹാദ്, ഹലാല്‍ തുടങ്ങിയ ഇസ്‌ലാമിക പദങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും ചിത്രീകരിച്ചും ചില പാര്‍ട്ടികള്‍ മുസ്‌ലിംകള്‍ക്കെതിരേ ആര്‍എസ്എസിന്റെ കുപ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു.

സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സമൂഹത്തില്‍ ക്രമസമാധാനം നിലനില്‍ക്കുന്നതിനും കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനുള്ള വര്‍ഗീയ ഫാഷിസ്റ്റ് ശ്രമങ്ങള്‍ തടയുന്നതിനും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോടും പോലിസിനോടും അഭ്യര്‍ഥിക്കുകയാണ്. മറ്റുള്ളവരില്‍ ഭയം സൃഷ്ടിച്ച് അവരെ കീഴടക്കുക എന്നതാണ് ഫാസിസ്റ്റ് ശക്തികളുടെ തന്ത്രം. ഫാഷിസ്റ്റ് ഭീഷണികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കാതെ നീതിയുടെയും അവകാശങ്ങളുടെയും വഴിയില്‍ ഉറച്ചുനില്‍ക്കുക എന്നതാണ് സമൂഹത്തില്‍ സൗഹാര്‍ദവും സമാധാനവും ഉണ്ടാകുന്നതിന് സാധ്യമായ ഒരേയൊരു വഴി. വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. അത്തരം ഫാഷിസ്റ്റ് പദ്ധതികളെ സംയുക്തമായി പരാജയപ്പെടുത്തണമെന്നും നീതിയും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.

Tags:    

Similar News