പഹല്‍ഗാം ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത നാടന്‍ പാട്ട് ഗായികക്കെതിരെ രാജ്യദ്രോഹക്കേസ്

Update: 2025-04-28 14:06 GMT
പഹല്‍ഗാം ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത നാടന്‍ പാട്ട് ഗായികക്കെതിരെ രാജ്യദ്രോഹക്കേസ്

ലഖ്‌നോ: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് അഭിപ്രായപ്പെട്ട ഭോജ്പൂരി നാടന്‍പാട്ട് ഗായിക നേഹ സിങ് റാത്തോഡിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. നേഹ രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് അഭയ് പ്രതാപ് സിങ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് യുപിയിലെ ഹസ്രത്ത്ഗഞ്ച് പോലിസ് കേസെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയം നടത്തുകയാണെന്ന് ഏപ്രില്‍ 23ന് നേഹ പോസ്റ്റിട്ടിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ വോട്ട് നേടിയ അവര്‍ പഹല്‍ഗാം ആക്രമണത്തിന്റെ കാര്യത്തിലും അത് തന്നെ ആവര്‍ത്തിക്കുമെന്നും പറഞ്ഞു. പഹല്‍ഗാം വിഷയം പറഞ്ഞ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിഹാറിന്റെ പ്രശ്‌നങ്ങള്‍ മാറ്റിവയ്ക്കപ്പെടുമെന്നാണ് ഏപ്രില്‍ 26ന് നേഹ പോസ്റ്റ് ചെയ്തത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അഭയ് പ്രതാപ് സിങ് പോലിസില്‍ പരാതി നല്‍കിയത്.

കേസെടുത്തതിന് പിന്നാലെ നേഹ വീണ്ടും നിലപാട് പ്രഖ്യാപിച്ചു. ''ഒരു ഫോണ്‍ കോള്‍ കൊണ്ട് രണ്ട് രാജ്യങ്ങള്‍ (റഷ്യ-യുക്രൈന്‍) തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് അവകാശപ്പെട്ടവര്‍, സ്വന്തം രാജ്യത്ത് ഭീകരാക്രമണം തടയുന്നതില്‍ പരാജയപ്പെട്ടു.....ചിലര്‍ എന്നോട് രാഷ്ട്രീയം കളിക്കരുതെന്നും ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും പറയുന്നു.....രാജ്യത്തെ രാഷ്ട്രീയം ഹിന്ദു-മുസ്‌ലിം വിഷയങ്ങളില്‍ ആയിരിക്കുമ്പോഴും തീവ്രവാദ ആക്രമണങ്ങളില്‍ ആളുകള്‍ കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ ഞാന്‍ എന്ത് വിഷയങ്ങളിലാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്.''-നേഹ ചോദിച്ചു. താന്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടെന്നും അവര്‍ വ്യക്തമാക്കി.

ഭോജ്പുരി ഭാഷയില്‍ നിരവധി ഗാനങ്ങള്‍ തയ്യാറാക്കിയിട്ടുള്ള നേഹ രാഷ്ട്രീയ ആക്ഷേപഹാസ്യകാരിയും നാടോടി ഗായികയുമാണ്. കോവിഡ് ലോക്ക്ഡൗണ്‍ കുടിയേറ്റ തൊഴിലാളികളെ ബാധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ 2020 മേയില്‍ നേഹ ഒരു യൂട്യൂബ് ചാനലും തുടങ്ങി. 2021 ആയപ്പോഴേക്കും ഒരു ലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍മാരുണ്ടായി. സാമൂഹിക പ്രശ്‌നങ്ങള്‍ പറയുന്ന 'ബിഹാര്‍ മേം കാ ബാ' (2020), 'യുപി മേം കാ ബാ?' (2022), 'യുപി മേം കാ ബാ? സെഷന്‍2' (2023), 'എംപി മേം കാ ബാ?' (2023) തുടങ്ങിയ ഗാനങ്ങള്‍ വൈറലായിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിക്കിടെയുള്ള മരണങ്ങള്‍, ലഖിംപൂര്‍ ഖേരി അക്രമം, ഹാത്രാസ് കൂട്ടബലാത്സംഗ കേസ് തുടങ്ങിയ വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു.

Similar News