വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടിയിലേക്ക് ഇന്ത്യ ഉള്‍പ്പെടെ 110 രാജ്യങ്ങളെ ക്ഷണിച്ച് ബൈഡന്‍; ചൈനയ്ക്ക് ക്ഷണമില്ല
വാഷിങ്ടണ്‍: ഡിസംബറില്‍ നടക്കുന്ന വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടിയിലേക്ക് ഇറാഖ്, ഇന്ത്യ, പാകിസ്താന്‍ എന്നിവരുള്‍പ്പെടെ 110 ഓളം രാജ്യങ്ങളെ പ്രസിഡന്റ് ജോ ബൈഡന്‍ ക്ഷണിച്ചു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റില്‍ ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അമേരിക്കയുടെ പ്രധാന എതിരാളിയായ ചൈനയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടില്ല. അതേസമയം, തായ്‌വാനെ ക്ഷണിച്ചു. ബൈഡന്റെ പുതിയ നീക്കം ചൈനയെ പ്രകോപിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. നാറ്റോ അംഗമായ തുര്‍ക്കിയും ക്ഷണിതാക്കളുടെ പട്ടികയില്‍നിന്ന് പുറത്താണ്.
ഡിസംബര്‍ 9, 10 തിയ്യതികളില്‍ നടക്കുന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ ഇസ്രായേലും ഇറാഖും മാത്രമേ പങ്കെടുക്കൂ. യുഎസിന്റെ പരമ്പരാഗത അറബ് സഖ്യകക്ഷികളായ ഈജിപ്ത്, സൗദി അറേബ്യ, ജോര്‍ദാന്‍, ഖത്തര്‍, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവരെ ക്ഷണിച്ചിട്ടില്ല.
തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ സ്വേച്ഛാധിപത്യ സ്വഭാവമുള്ളയാളാണെന്നും ഡൊണാള്‍ഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരനാണെന്നും വിമര്‍ശിക്കപ്പെട്ടിട്ടും ബൈഡന്‍ ബ്രസീലിനെ ക്ഷണിച്ചു. യൂറോപ്പില്‍ മനുഷ്യാവകാശ രേഖയെച്ചൊല്ലി യൂറോപ്യന്‍ യൂനിയനുമായി നിരന്തരമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന പോളണ്ടിനെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കടുത്ത ദേശീയവാദിയായ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ നേതൃത്വത്തിലുള്ള ഹംഗറിയെ ഉച്ചകോടിയില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
ആഫ്രിക്കയില്‍ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക്ക, നൈജീരിയ, നൈജര്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. സ്വേച്ഛാധിപത്യത്തിനെതിരേ പ്രതിരോധിക്കുക, അഴിമതിക്കെതിരേ പോരാടുക, മനുഷ്യാവകാശങ്ങളോടുള്ള ആദരവ് പ്രോല്‍സാഹിപ്പിക്കുക' എന്നിങ്ങനെ മൂന്ന് പ്രധാന വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്നാണ് ആഗസ്തില്‍ ഉച്ചകോടി പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.