ആശങ്ക ഒഴിയാതെ യൂറോപ്പ്; ഉക്രൈനെ ആക്രമിച്ചാല്‍ 'ഉടനടി' തിരിച്ചടി: റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബൈഡന്‍
'ഉക്രൈനെതിരായ ഏതൊരു റഷ്യന്‍ ആക്രമണത്തിനും സഖ്യകക്ഷികളോടും പങ്കാളികളോടുമൊപ്പം അമേരിക്ക വേഗത്തിലും മനസ്സിലാവുന്ന തരത്തിലും പ്രതികരിക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കി'-വൈറ്റ് ഹൗസ് ഞായറാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
വാഷിങ്ടണ്‍: റഷ്യ ആക്രമണത്തിന് 'കാരണം' കണ്ടെത്താനുള്ള പഴുത് നോക്കി നടക്കുകയാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ സംഘര്‍ഷം ലഘൂകരിക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ പിന്തുടരാന്‍ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും.
'ഉക്രൈനെതിരായ ഏതൊരു റഷ്യന്‍ ആക്രമണത്തിനും സഖ്യകക്ഷികളോടും പങ്കാളികളോടുമൊപ്പം
അമേരിക്ക വേഗത്തിലും മനസ്സിലാവുന്ന തരത്തിലും പ്രതികരിക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കി'-വൈറ്റ് ഹൗസ് ഞായറാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. തങ്ങളെ ആക്രമിച്ചാല്‍ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായി സെലന്‍സ്‌കിയുടെ ഓഫിസ് അറിയിച്ചു
കഴിഞ്ഞ 10 ദിവസമായി, റഷ്യന്‍ സേനയെ സുസജ്ജമാക്കുന്നതില്‍ നാടകീയമായ വേഗത കൈവരിച്ചിട്ടുണ്ടെന്നും അവര്‍ക്ക് 'എപ്പോള്‍ വേണമെങ്കിലും ഒരു സൈനിക നടപടി ആരംഭിക്കാന്‍ കഴിയുമെന്നും' യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ നിഴല്‍ സൈന്യത്തിനെതിരേയോ റഷ്യന്‍ പൗരന്മാര്‍ക്കെതിരെയോ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തി, ഇതിന്റെ മറപിടിച്ച് ഉക്രെയ്‌നില്‍ അധിനിവേശം നടത്താനുള്ള റഷ്യയുടെ സാധ്യതതയും തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയാണെന്ന് സുള്ളിവന്‍ പറഞ്ഞു.
തങ്ങള്‍ ഒരു സൈനിക നടപടിക്ക് നീക്കം നടത്തുന്നില്ലെന്നും, എന്നാല്‍ നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകാന്‍ ഉക്രൈനെ അനുവദിക്കില്ലെന്നുമാണ് യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തോളം സൈനികരെ വിന്യസിച്ച റഷ്യയുടെ നിലപാട്.കിഴക്കന്‍ യൂറോപ്പിലെ നാറ്റോ വിപുലീകരണം അതിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ക്രെംലിന്‍ വിശ്വസിക്കുന്നു.