യുഎസ് -തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാവുമോ? അര്‍മേനിയന്‍ കൂട്ടക്കൊലയെ 'വംശഹത്യ'യായി പ്രഖ്യാപിക്കാന്‍ ഒരുങ്ങി ബൈഡന്‍

ഇതു സംബന്ധിച്ച പ്രഖ്യാപനം അര്‍മേനിയന്‍ 'വംശഹത്യ' അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. ഈ പ്രഖ്യാപനം വാഷിങ്ടണും ആങ്കറയും തമ്മിലെ അസ്വസ്ഥമായ ബന്ധം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Update: 2021-04-24 09:16 GMT

ആങ്കറ/ വാഷിങ്ടണ്‍: ഒന്നാം ലോകമഹായുദ്ധ സമയത്ത് അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെ 'വംശഹത്യയായി' അംഗീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ അറിയിച്ചതായി തുര്‍ക്കി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്യുന്നു.

ഇതു സംബന്ധിച്ച പ്രഖ്യാപനം അര്‍മേനിയന്‍ 'വംശഹത്യ' അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. ഈ പ്രഖ്യാപനം വാഷിങ്ടണും ആങ്കറയും തമ്മിലെ അസ്വസ്ഥമായ ബന്ധം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതു സംബന്ധിച്ച് ഉര്‍ദുഗാന്‍, ബൈഡന് ഇതിന് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത തുര്‍ക്കി ഉദ്യോഗസ്ഥന്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.ബൈഡന്‍ അത്തരമൊരു പ്രഖ്യാപനം നടത്തിയാല്‍ ആങ്കറയില്‍നിന്ന് ശക്തമായ പ്രതികരണമുണ്ടാവും. വെള്ളിയാഴ്ച നടന്ന ഫോണ്‍ സംഭാഷണത്തിനിടെ ഇരു പ്രസിഡന്റുമാരും ശാന്തരായിരുന്നുവെന്നും എന്നാല്‍, ബൈഡന്റെ പ്രഖ്യാപനത്തെ ഉര്‍ദുഗാന്‍ ശക്തമായി എതിര്‍ത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫോണ്‍ സംഭാഷണം സംബന്ധിച്ച വൈറ്റ്ഹൗസ് പ്രസ്താവനയില്‍ വംശഹത്യ പ്രഖ്യാപനത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. 'പ്രസിഡന്റ് ജോസഫ് ആര്‍ ബൈഡന്‍ ഇന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി സംസാരിച്ചു. സഹകരണത്തിന്റെ മേഖല വികസിപ്പിക്കുന്നതിനും അഭിപ്രായവ്യത്യാസങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ക്രിയാത്മക ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് താല്‍പര്യം അറിയിച്ചു'-വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ജൂണില്‍ ബെല്‍ജിയത്തില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് പ്രസ്താവന സ്ഥിരീകരിച്ചു. കൊലപാതകങ്ങളെ വംശഹത്യ എന്ന് മുദ്രകുത്താനുള്ള തന്റെ ആഗ്രഹം ബൈഡന്‍ ഉര്‍ദുഗാനെ അറിയിച്ചെന്ന് ബ്ലൂംബെര്‍ഗ് വെള്ളിയാഴ്ച റിപോര്‍ട്ട് ചെയ്തിരുന്നു.

എന്താണ് അര്‍മേനിയന്‍ കൂട്ടക്കൊല

1915നും 1923നും ഇടയില്‍ ഉസ്മാനിയ ഖിലാഫത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ആസൂത്രിതമായ നാടുകടത്തല്‍, പട്ടിണി, കൊലപാതകം എന്നിവയിലൂടെ. 1.5 കോടി അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധസമയത്താണ് മിക്ക കൊലപാതകങ്ങളും നടന്നത്.

അനത്തോലിയ പിടിച്ചെടുക്കാനും വിഭജിക്കാനും ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഫ്രാന്‍സ്, യുകെ, റഷ്യ എന്നിവയുള്‍പ്പെടെ സഖ്യസേനയ്‌ക്കെതിരെ തുര്‍ക്കി സൈന്യം പോരാടുന്നതിനിടെയാണ് ഈ സംഭവം അരങ്ങേറിയത്.

കൂട്ടക്കൊലകളെ 'വംശഹത്യ' എന്ന് വിശേഷിപ്പിക്കുന്നത് തുര്‍ക്കി നേതാക്കളെ സംബന്ധിച്ചിടത്തോളം വൈകാരിക വിഷയമാണ്. ഏറ്റുമുട്ടലിനിടെ നിരവധി അര്‍മേനിയക്കാര്‍ മരിച്ചുവെന്ന് തുര്‍ക്കി അംഗീകരിക്കുമ്പോള്‍, കൊലപാതകങ്ങള്‍ വ്യവസ്ഥാപിത കൂട്ടക്കൊലയുടെ ഭാഗമായിരുന്നുവെന്ന് തുര്‍ക്കി സര്‍ക്കാര്‍ നിഷേധിക്കുന്നു. അസര്‍ബൈജാനും ഈ പദത്തെ എതിര്‍ക്കുകയാണ്. എന്നിരുന്നാലും, ഫ്രാന്‍സ്, കാനഡ, ബ്രസീല്‍, ജര്‍മ്മനി, റഷ്യ, പോളണ്ട്, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെ 30 ഓളം രാജ്യങ്ങള്‍ ഇതിനെ വംശഹത്യയെന്നാണ് വിളിക്കുന്നത്. എന്നാണ്, ബ്രിട്ടന്‍ ഇതിനെ വംശഹത്യയായി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

അതേസമയം, ബൈഡന്റെ വംശഹത്യയായി അംഗീകരിക്കല്‍ അര്‍മേനിയയുമായുള്ള അനുരഞ്ജനത്തെ തടസ്സപ്പെടുത്തുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കുന്നു. പ്രതീക്ഷിക്കുന്നത് പോലെ ബൈഡന്‍ പ്രഖ്യാപനം നടത്തുകയാണെങ്കില്‍ റൊണാള്‍ഡ് റീഗനു ശേഷം കൂട്ടക്കൊലയെ വംശഹത്യ എന്ന് വിശേഷിപ്പിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായിരിക്കും ജോ ബൈഡന്‍.

താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News