റഷ്യയില്‍ നിന്ന് ഇന്ത്യ 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നു; കരാറില്‍ ഒപ്പുവച്ച് ഐഒസി
ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉപരോധം കടുപ്പിക്കുന്നതിനിടെ റഷ്യയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കരാറില്‍ ഏര്‍പ്പെട്ടു. ഇന്ത്യയ്ക്ക് വിലക്കുറവില്‍ എണ്ണ നല്‍കാമെന്ന റഷ്യയുടെ ഓഫറിനു പിന്നാലെയാണ് റഷ്യന്‍ കമ്പനിയുമായി ഐഒസി കരാറില്‍ ഒപ്പുവച്ചത്. എണ്ണ ഇടപാടിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യുക്രെയ്‌നില്‍ റഷ്യ നടത്തിവരുന്ന ഉപരോധത്തിനുള്ള തിരിച്ചടിയെന്നോണമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം കടുപ്പിച്ചത്.
ഇന്ത്യ നടത്തുന്ന ക്രൂഡ് ഓയില്‍ ഇടപാടുകളെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ തീരുമാനം ഉപരോധങ്ങളുടെ ലംഘനമല്ലെന്നും റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്നതാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. റഷ്യന്‍ നേതൃത്വത്തെ സഹായിക്കുന്ന യാതൊരു നടപടിയും അവര്‍ നടത്തുന്ന അധിനിവേശത്തെ പിന്തുണയ്ക്കുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും സാകി പറഞ്ഞു. ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് നിലവില്‍ യാതൊരു തടസ്സവുമില്ല.
അമേരിക്കയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളും ഇതിനെ ബാധിക്കുകയുമില്ല. തങ്ങള്‍ക്കെതിരെയുള്ള ഉപരോധം ശക്തമായതോടെയാണ് ഇന്ത്യ ഉള്‍പ്പെടെ തങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ വിലക്കിഴിവില്‍ ക്രൂഡ് ഓയില്‍ നല്‍കാന്‍ റഷ്യ തീരുമാനിച്ചത്. രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ രണ്ടുമുതല്‍ മൂന്നുവരെ ശതമാനം മാത്രമാണ് റഷ്യയില്‍നിന്ന് വാങ്ങിയിരുന്നത്.
ഉയര്‍ന്ന ഗതാഗതച്ചെലവ് കാരണമാണ് റഷ്യയെ എണ്ണ ഇറക്കുമതിക്ക് കാര്യമായി ആശ്രയിക്കാതിരുന്നത്. എന്നാല്‍, റഷ്യ വിലക്കുറവ് പ്രഖ്യാപിച്ചതോടെ വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാനാവുമെന്നാണ് കരുതപ്പെടുന്നത്. അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്രതലത്തില്‍ ബാരലിന് 100 ഡോളര്‍ കടന്ന് കുതിച്ചുയര്‍ന്ന ഘട്ടത്തിലാണ് റഷ്യയില്‍നിന്നുള്ള എണ്ണ എത്തിച്ച് വിലക്കയറ്റം കുറക്കാനാവുമെന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നത്. റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തിനു പിന്നാലെ ബാരലിന് 140 ഡോളര്‍ വരെയായി ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നിരുന്നു.
എണ്ണയ്ക്കും മറ്റ് ചരക്കുകള്‍ക്കും വന്‍ വിലക്കുറവാണ് റഷ്യ ഇന്ത്യയ്ക്കു മുന്നില്‍വച്ചിട്ടുള്ളതെന്ന് ഒരു കേന്ദ്രസര്‍ക്കാര്‍ വൃത്തം നേരത്തെ വെളിപ്പെടുത്തിയിയിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ, ചരക്കുനീക്കം അടക്കമുള്ള ചില വിഷയങ്ങള്‍ പരിഹരിക്കാനുണ്ട്. ഇക്കാര്യത്തില്‍ പരിഹാരമായാല്‍ റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മിക്ക ലോകരാജ്യങ്ങളും അന്താരാഷ്ട്ര ഉപരോധം പേടിച്ച് റഷ്യയില്‍നിന്ന് ചരക്കുകള്‍ വാങ്ങുന്നത് നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍, ഉപരോധമൊന്നും ഇന്ത്യയെ ബാധിക്കില്ലെന്നാണ് കേന്ദ്രവൃത്തങ്ങള്‍ പറയുന്നത്. അടുത്ത ഏപ്രിലില്‍ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ എണ്ണ ഇറക്കുമതി ബില്ലില്‍ 50 ബില്യന്‍ ഡോളറിന്റെ വര്‍ധനയുണ്ടാവുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.