'മുസ്‌ലിം സമുദായത്തിന്റെ വോട്ടവകാശം എടുത്ത് കളയണം'; ബിജെപി എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടിസ്

ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു, ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തിന് എതിരെ രൂക്ഷമായാണ് പ്രതികരിച്ചത്

Update: 2022-02-26 08:07 GMT
മുസ്‌ലിം സമുദായത്തിന്റെ വോട്ടവകാശം എടുത്ത് കളയണം; ബിജെപി എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടിസ്

പട്‌ന:മുസ്‌ലിങ്ങളുടെ വോട്ടവകാശം എടുത്ത് കളയണമെന്ന ബിഹാറിലെ ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂറിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കാരണം കാണിക്കല്‍ നോട്ടിസ് അയച്ച് ബിജെപിയുടെ സംസ്ഥാന ഘടകം.

മുസ്‌ലിം സമുദായത്തിന് വോട്ടവകാശം ആവശ്യമില്ല എന്ന തരത്തിലായിരുന്നു ഹരിഭൂഷണ്‍ താക്കൂറിന്റെ അഭിപ്രായ പ്രകടനം. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു, ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തിന് എതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. ഹരിഭൂഷണ്‍ താക്കൂറിന്റെ പ്രസ്താവന അസംബന്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന് നീരജ് കുമാര്‍ പറഞ്ഞു.

'1947ലെ വിഭജനത്തിന്റ സമയത്ത് മുസ്‌ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക രാജ്യം നല്‍കിയതാണ്, അതുകൊണ്ട് ഇവര്‍ പാകിസ്ഥാനിലേക്ക് പോകണം. ഇന്ത്യയില്‍ തന്നെ ഇവര്‍ ജീവിക്കുകയാണെങ്കില്‍ ഇവര്‍ സെക്കന്‍ഡ് ക്ലാസ് പൗരന്മാരായി കഴിയേണ്ടി വരും. മുസ്‌ലിങ്ങളുടെ വോട്ടവകാശം എടുത്ത് കളയാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.' ഹരിഭൂഷണ്‍ താക്കൂര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇത്തരത്തിലുള്ള വിചിത്രമായ അഭിപ്രായപ്രകടം നടത്തിയത്.

രാജ്യത്തെ മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയെ ഇസ്‌ലാമിസ്റ്റ് രാജ്യമാക്കി മാറ്റുക എന്ന അജണ്ടയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.താക്കൂറിന്റെ പ്രസ്താവനയില്‍ വിയോജിപ്പുണ്ടെന്നും,എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്ന് വിശദീകരിക്കാന്‍ നോട്ടിസ് അയച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ വ്യക്തമാക്കി.

Tags:    

Similar News