മസ്തിഷ്‌കജ്വരം: ബിഹാറില്‍ മരണസംഖ്യ 100 ആയി

കടുത്ത ചൂടുമൂലമുള്ള നിര്‍ജ്ജലീകരണവും പഞ്ചസാരയുടേയും മറ്റ് ധാതുക്കളുടേയും അളവില്‍ ഉണ്ടാകുന്ന കുറവാകാം കുട്ടികളുടെ മരണകാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം

Update: 2019-06-17 10:24 GMT
പട്‌ന: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. മുസഫര്‍പൂരില്‍ ഇന്നലെ മാത്രം 20 കുട്ടികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ഐസിയുവില്‍ മാത്രം 290ലധികം കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. കടുത്ത ചൂടുമൂലമുള്ള നിര്‍ജ്ജലീകരണവും പഞ്ചസാരയുടേയും മറ്റ് ധാതുക്കളുടേയും അളവില്‍ ഉണ്ടാകുന്ന കുറവാകാം കുട്ടികളുടെ മരണകാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സംസ്ഥാനത്ത് ഇതുവരെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 60 പേര്‍ മരണപ്പെട്ടു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലും കെജ്രിവാള്‍ ആശുപത്രിയിലുമായി ജനുവരി ഒന്നുമുതല്‍ 1358 കുട്ടികളെയാണ് രോഗബാധിതരായി പ്രവേശിപ്പിച്ചത്.

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇന്നലെ ബീഹാര്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കും. കുട്ടികള്‍ക്ക് കൃത്യമായ ചികില്‍സ നല്‍കാനുള്ള നടപടിക്രമങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദഗ്ധ ചികില്‍സയ്ക്കും പഠനത്തിനുമായി എയിംസില്‍നിന്നുള്ള സംഘം ബീഹാറില്‍ ക്യാംപ് ചെയ്യുന്നുണ്ട്. കുട്ടികളുടെ നാഡീ വ്യൂഹത്തെയാണ് അക്യൂട്ട് എന്‍സിപലിറ്റിസ് സിന്‍ഡ്രോം ബാധിച്ചിരിക്കുന്നത്. പിച്ചുംപേയും പറയല്‍, വിറയല്‍, സ്ഥലകാലബോധമില്ലായ്മ എന്നിവയിലൂടെ കടന്നുപോയ ശേഷം കുട്ടികള്‍ കോമ സ്‌റ്റേജിലെത്തും എന്നതാണ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണം.

മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ജൂണ്‍ 19 വരെ തുറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News