ചരിത്രപ്രസിദ്ധമായ സുല്‍ത്താന്‍ കൊട്ടാരം പൊളിച്ചുനീക്കാന്‍ നീക്കം; പ്രതിഷേധം ശക്തം
100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള #SaveSultanPalace എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങാണ്.
പട്‌ന: പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കുന്നതിനായി പട്‌നയിലെ ചരിത്രപ്രസിദ്ധമായ സുല്‍ത്താന്‍ കൊട്ടാരം പൊളിച്ചുനീക്കാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ നീക്കം സാധാരണ പൗരന്മാരെ ചൊടിപ്പിച്ചിരിക്കുകയാണ്. നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അവര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള #SaveSultanPalace എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങാണ്.
സുല്‍ത്താന്‍ കൊട്ടാരം ബുള്‍ഡോസര്‍ ചെയ്യാനുള്ള തീരുമാനം ബിഹാര്‍ സര്‍ക്കാരിന്റെ ചരിത്രത്തോടുള്ള 'മണ്ടന്‍ തമാശ'യാണെന്നാണ് ഹെറിറ്റേജ് ടൈംസ് സ്ഥാപകന്‍ എംഡി ഉമര്‍ അഷ്‌റഫ് അഭിപ്രായപ്പെട്ടത്.ഇത് പ്രാദേശിക പൈതൃകത്തോടുള്ള അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലേത് പോലെ സംസ്ഥാന സര്‍ക്കാരിന് കെട്ടിടത്തിനുള്ളില്‍ 'ഹെറിറ്റേജ് ഹോട്ടല്‍' തുറക്കാനാകുമെന്നും അഷ്‌റഫ് ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ കാമ്പെയ്‌നില്‍ ചേര്‍ന്ന്, നിരവധി വ്യക്തികള്‍ ട്വിറ്ററില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് നിര്‍ദിഷ്ട പൊളിക്കല്‍ നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.
സുല്‍ത്താന്‍ കൊട്ടാരത്തിന്റെ ചരിത്രം
പട്‌ന ഹൈക്കോടതിയില്‍ അഭിഭാഷകനായും പിന്നീട് ജഡ്ജിയായും 1923 മുതല്‍ 30 വരെ പട്‌ന സര്‍വകലാശാലയുടെ ആദ്യ ഇന്ത്യന്‍ വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ച സര്‍ സുല്‍ത്താനാണ് 1922ല്‍ സുല്‍ത്താന്‍ പാലസ് നിര്‍മ്മിച്ചത്.
'അദ്ദേഹം ഇന്ത്യയിലെ പ്രമുഖ അഭിഭാഷകരില്‍ ഒരാളായിരുന്നു. ജിന്ന പാകിസ്താനിലേക്ക് വരണമെന്ന് ആഗ്രഹിക്കുകയും അദ്ദേഹത്തിന് 'രാജ്യത്തിന്റെ ഭരണത്തില്‍' വളരെ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍, അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ അവിടേക്ക് പോകാന്‍ വിസമ്മതിച്ചു'-സര്‍ സുല്‍ത്താന്റെ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കവെ ഉമര്‍ അഷ്‌റഫ് പറഞ്ഞു.