കൊവിഡ് വാക്സിന്‍ കണ്ടെത്താന്‍ കോടികള്‍ പ്രഖ്യാപിച്ച് ബില്‍ ഗേറ്റ്സ്
വാക്സിന്‍ കണ്ടുപിടിക്കാന്‍ നിലവില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും മികച്ച ഏഴ് കമ്പനികളില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്ന സംഘടന പണം മുടക്കുമെന്നാണ് ബില്‍ ഗേറ്റ്സിന്റെ പ്രഖ്യാപനം.
വാഷിങ്ടണ്‍: കൊറോണ വൈറസിനുള്ള വാക്സിന്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്ക് കോടികള്‍ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. വാക്സിന്‍ കണ്ടുപിടിക്കാന്‍ നിലവില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും മികച്ച ഏഴ് കമ്പനികളില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്ന സംഘടന പണം മുടക്കുമെന്നാണ് ബില്‍ ഗേറ്റ്സിന്റെ പ്രഖ്യാപനം. 'ദ ഡെയ്ലി ഷോ' എന്ന പരിപാടിക്കിടെയാണ് ബില്‍ ഗേറ്റ്സ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ക്ക് സഹായം നല്‍കേണ്ടത് നിലവിലെ സമയത്ത് അത്യാവശ്യമാണ്. ഇതിനുവേണ്ടി കൂടുതല്‍ ചെലവഴിക്കാന്‍ നമുക്ക് കൂടുതല്‍ സമയമില്ല. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനേക്കാള്‍ മുന്നിലെത്താന്‍ ഗേറ്റ്സ് ഫൗണ്ടേഷന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനുണ്ടാക്കാന്‍ ശ്രമിക്കുന്ന ഏറ്റവും മികച്ച ഏഴ് ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അത് നിര്‍മിക്കാനുള്ള ഫാക്ടറി സംവിധാനങ്ങള്‍ ഒരുക്കി നല്‍കും. അവയില്‍ രണ്ടെണ്ണം മാത്രമായിരിക്കും ചിലപ്പോള്‍ ഉപകാരപ്പെടുക. പക്ഷേ, നമ്മള്‍ ഏഴ് ഫാക്ടറികള്‍ തന്നെ നിര്‍മിക്കും. അനുയോജ്യമായ വാക്‌സിന്‍ കണ്ടെത്താന്‍ 18 മാസത്തോളമെടുക്കും. വാക്‌സിന്‍ പരീക്ഷണം നടത്തുന്ന ഏറ്റവും മികച്ച ഗവേഷകര്‍ക്ക് അതിവിശിഷ്ടമായ ഉപകരണങ്ങള്‍ വേണ്ടതുണ്ട്. നമ്മള്‍ അതിന് വേണ്ടി ബില്യണ്‍ കണക്കിന് ഡോളറുകള്‍ നഷ്ടപ്പെടുത്തേണ്ടിവരും. അത്രയും തുക ഇപ്പോള്‍ ചിലവഴിക്കല്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്റ ഗേറ്റ്സും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി ഡോളര്‍ നല്‍കിയിരുന്നു.