ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി; സ്ഥിരം മദ്യപാനിയെന്ന് പോലിസ്

ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ബിന്ദുവിനെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു.

Update: 2022-01-06 04:32 GMT

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തകയും കോഴിക്കോട് ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍വച്ച് ആക്രമിച്ച ആളെ കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ബിന്ദുവിനെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു.

മത്സ്യത്തൊഴിലാളിയായ ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും ചെറുതായി പരിക്കേറ്റിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. ബിന്ദു അമ്മിണിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പോലിസ് വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നത്. ഇതിന്റെ വിഡിയോ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി പോസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ബിന്ദുവിന്റെ പരാതിയില്‍ വെള്ളയില്‍ പോലിസ് കേസെടുത്തിരുന്നു.

വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നെന്ന് പോലിസ് പറയുന്നു. എന്നാല്‍ വണ്ടി ഓടിക്കാനറിയാത്ത താനെങ്ങനെയാണ് വണ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലേക്ക് എത്തുന്നതെന്നാണ് ബിന്ദു അമ്മിണി ചോദിക്കുന്നത്.

ആര്‍എസ്എസ്സുകാരനാണ് ആക്രമിയെന്നും ഇയാളെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്ത് പ്രതിയെ സംരക്ഷിക്കാനാണ് പോലിസ് എത്തിയതെന്നും ബിന്ദു അമ്മിണി പറഞ്ഞു. താന്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ നിരവധി തവണ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

Tags:    

Similar News