പാര്‍ലമെന്റിലെ ഭൂരിപക്ഷം ബിജെപി ദുരുപയോഗം ചെയ്യുന്നു: പോപുലര്‍ ഫ്രണ്ട്

പാര്‍ലിമെന്റില്‍ ബില്ലുകളെ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ എടുത്ത കപട നിലപാടിനെ യോഗം വിമര്‍ശിച്ചു. ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അസം എന്‍ആര്‍സി: ദുര്‍ഭരണം അവസാനിപ്പിക്കണം. ഉന്നാവോ കേസ്: സുപ്രിംകോടതി ഉത്തരവ് സ്വാഗതാര്‍ഹം

Update: 2019-08-06 14:38 GMT

കോഴിക്കോട്: അടിസ്ഥാന ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന അടിച്ചമര്‍ത്തല്‍ സ്വഭാവത്തിലുള്ള നിയമനിര്‍മാണങ്ങള്‍ക്കായി പാര്‍ലമെന്റിലെ മൃഗീയഭൂരിപക്ഷത്തെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് യോഗം പ്രസ്താവനയില്‍ പറഞ്ഞു. യുഎപിഎ ഭേദഗതി ബില്‍, എന്‍ഐഎ ഭേദഗതി ബില്‍, വിവരാവകാശ ഭേദഗതി ബില്‍, മുത്തലാഖ് ബില്‍ എന്നിവ പോലെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ലുകളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് പാര്‍ലമെന്റ് പാസ്സാക്കിയത്. പാര്‍ലമെന്റിന്റെ സൂഷ്മപരിശോധനയ്ക്കു വിധേയമാക്കാതെയും ബില്ലിനെതിരേ ഉയര്‍ന്ന ഗൗരവമായ എതിര്‍പ്പുകള്‍ യാതൊരുതരത്തിലും പരിഗണിക്കാതെയും തിടുക്കത്തില്‍ പാസാക്കിയ രീതിയും ബില്ലുകളുടെ സ്വഭാവവും ജനാധിപത്യത്തിന്റെ അന്തസ്സത്തയ്‌ക്കെതിരേ ബിജെപി തങ്ങളുടെ ഭൂരിപക്ഷം ദുരുപയോഗം ചെയ്യുകയാണെന്നതിന്റെ ഭയജനകമായ തെളിവാണ്.

പ്രതിപക്ഷത്തിന്റെ നിലപാട് വഞ്ചനാപരം

    പാര്‍ലിമെന്റില്‍ ബില്ലുകളെ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ എടുത്ത കപട നിലപാടിനെ യോഗം വിമര്‍ശിച്ചു. ബില്ലുകള്‍ക്കെതിരേ നിരവധി പ്രതിപക്ഷ അംഗങ്ങള്‍ വളരെയധികം വാചാലമായിട്ടുണ്ടായിരുന്നു. ചെറിയ കാലയളവില്‍ സൂഷ്മ പരിശോധന നടത്താതെ 14ഓളം ബില്ലുകള്‍ പാസാക്കിയെടുത്തിരിക്കുകയാണ്. എന്നാല്‍, ഇരുസഭകളിലും ബില്ലുകള്‍ വോട്ടിനിട്ടപ്പോള്‍ ഇവരില്‍ അധികപേരും അനുകൂലിച്ചാണ് വോട്ട് ചെയ്തത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഇരുസഭകളിലും ബില്ലുകള്‍ പാസാക്കിയെടുക്കുന്നതില്‍ ബിജെപി വിജയിച്ചു. ചുരുക്കംപേരൊഴിച്ച്, ഈ അംഗങ്ങളെല്ലാം തന്നെ ഒന്നുകില്‍ ആത്മാര്‍ഥത ഇല്ലാത്തവരെന്നോ, അല്ലെങ്കില്‍ ബിജെപി ഭീഷണിക്ക് വഴങ്ങുകയോ ചെയ്‌തെന്ന് തെളിയിച്ചിരിക്കുകയാണ്.

ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു

    മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരെയും എംപിമാരെയും വിലയ്‌ക്കെടുത്ത് പാര്‍ട്ടി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുന്ന ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. ബിജെപി മാത്രമല്ല, പ്രതിപക്ഷത്തുനിന്നു വില്‍ക്കപ്പെടുന്നവരും ജനങ്ങളെയും നിലപാടുകളെയും വഞ്ചിക്കുകയാണ്. കര്‍ണാടകയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയാണ് അവര്‍ താഴെയിറക്കിയത്. പണത്തിനും മറ്റു നേട്ടങ്ങള്‍ക്കും വേണ്ടി ഇതര സംസ്ഥാനങ്ങളിലും എംഎല്‍എമാരും എംപിമാരും ബിജെപിയിലേക്ക് കൂറുമാറിക്കൊണ്ടിരിക്കുന്നു. ഇത്തരം അധികാരമോഹികളായ നേതാക്കളെ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങളെ അട്ടിമറിക്കുന്നതിലൂടെ മറ്റു പാര്‍ട്ടികളെ തകര്‍ക്കാന്‍ ഏതറ്റംവരെയും പോവുമെന്നാണ് ബിജെപി തെളിയിച്ചുകൊണ്ടിരിക്കുന്നത്. ക്രിയാത്മക പ്രതിപക്ഷമില്ലാത്ത മുടന്തന്‍ ജനാധിപത്യം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ആവശ്യം. അധികാരത്തിനും സമ്പത്തിനുമുപരി ജനങ്ങളിലും നിലപാടുകളിലും സമര്‍പ്പിതരായ നേതാക്കളെ തിരഞ്ഞെടുത്തും ശക്തിപ്പെടുത്തിയും ബിജെപിയുടെ അധാര്‍മിക രാഷ്ട്രീയതന്ത്രങ്ങളെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണമെന്ന് യോഗം മറ്റു പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു.

അസം എന്‍ആര്‍സി: ദുര്‍ഭരണം അവസാനിപ്പിക്കണം

    എന്‍ആര്‍സി അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ സുപ്രിംകോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് ഔദ്യോഗികമായി പൗരത്വം നഷ്ടപ്പെടുകയെന്ന മാനുഷിക പ്രതിസന്ധിയിലേക്കാണ് അസം പോവുന്നതെന്നാണ് സംസ്ഥാനത്തെ സ്ഥിതിവിശേഷം തെളിയിക്കുന്നത്. സംസ്ഥാനത്തു നിന്നുള്ള റിപോര്‍ട്ടുകള്‍ പ്രകാരം 3.9 ലക്ഷം ആളുകള്‍ക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച തങ്ങളുടെ അവകാശം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാനോ എതിര്‍പ്പുകള്‍ അറിയിക്കാനോ കഴിഞ്ഞിട്ടില്ല. അതേസമയം, എന്‍ആര്‍സി പട്ടികയില്‍ നേരത്തേ തന്നെ ഉള്‍പ്പെട്ടിട്ടുള്ള നിരവധി പേരെ പൗരത്വ രേഖകളുടെ പുനപരിശോധനയ്ക്കു വേണ്ടി വിളിക്കുന്നതായും വിവിധ സ്ഥലങ്ങളില്‍ നിന്ന് റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, നിശ്ചയിച്ച സമയം തന്നെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയാണെങ്കില്‍, സ്വന്തമായി രാജ്യവും പൗരാവകാശവുമില്ലാതെ ലക്ഷക്കണക്കിനാളുകള്‍ ഉണ്ടാവും. അസമില്‍ രൂപപ്പെടുന്ന അഭ്യന്തര യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കാന്‍ കൂടുതല്‍ മനുഷ്യത്വപരമായ പരിഹാരവുമായി സുപ്രിംകോടതി മുന്നോട്ടുവരണമെന്നും പോപുലര്‍ഫ്രണ്ട് എക്‌സിക്യൂട്ടീവ് യോഗം അഭ്യര്‍ഥിച്ചു.

ഉന്നാവോ കേസ്: സുപ്രിംകോടതി ഉത്തരവ് സ്വാഗതാര്‍ഹം

    ഉന്നാവോ ബലാല്‍സംഗക്കേസിലെ സുപ്രിംകോടതി വിധിയെ യോഗം സ്വാഗതം ചെയ്തു. ശക്തനായ ക്രിമിനലിനെതിരേ നിയമപോരാട്ടം നടത്തുന്ന കൂട്ടബലാല്‍സംഘ ഇരയ്ക്കായുള്ള സുപ്രിംകോടതി ഇടപെടല്‍ അത്യന്തം പ്രതീക്ഷ നല്‍കുന്നതാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടിയും അവളുടെ കുടുംബവും അനുഭവിച്ച ഗൗരവതരമായ അനീതി സംസ്ഥാനത്തെ ക്രമസമാധാനം എത്രത്തോളം കുത്തഴിഞ്ഞിരിക്കുന്നുവെന്നതിനു തെളിവാണ്. ഇക്കാര്യം സുപ്രിംകോടതിയുടെ തന്നെ ശ്രദ്ധയില്‍പ്പെടുകയും കേസ് ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു. പരമോന്നത നീതിപീഠം പെണ്‍കുട്ടിക്ക് സിആര്‍പിഎഫ് സംരക്ഷണം നല്‍കിക്കൊണ്ട് ഉത്തരവിട്ടിരിക്കുകയാണ്. ഇതിനര്‍ത്ഥം യുപി സര്‍ക്കാരിലും പോലിസിലും കോടതിക്ക് അവിശ്വാസമുണ്ടെന്നാണ്. ഈ ഉത്തരവിന്റെ വെളിച്ചത്തില്‍, യുപി സര്‍ക്കാര്‍ അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതില്‍നിന്നും ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍നിന്നും പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇറാനെതിരായ യുഎസ് നീക്കം അപലപനീയം

    ഇറാനെതിരേ യുഎസും സഖ്യരാഷ്ട്രങ്ങളും ചേര്‍ന്ന് ശക്തിപ്പെടുത്തിവരുന്ന ശത്രുത മേഖലയിലെ മറ്റൊരു രാജ്യത്തെ കൂടി നശിപ്പിക്കുന്നതിനുളള ശ്രമമാണെന്ന് എന്‍ഇസി യോഗം നിരീക്ഷിച്ചു. ചര്‍ച്ചകളിലൂടെ സമാധാനപരമായ പ്രശ്‌ന പരിഹരത്തിന് ധാരാളം അവസരങ്ങളുണ്ടായിട്ടും, 2015ലെ ആണവകരാറില്‍നിന്നു ഏകപക്ഷീയമായി പിന്‍മാറുകയും തെഹ്‌റാനെതിരേ വീണ്ടും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത നടപടി യുഎസ് സമാധാനം ആഗ്രഹിക്കുന്നില്ലെന്നതിനു തെളിവാണ്. ബ്രിട്ടനും തുടര്‍ന്ന് ഇറാനും കപ്പല്‍ പിടിച്ചെടുത്ത നടപടി മേഖലയില്‍ യുദ്ധാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. മേഖലയില്‍ ചോരപ്പുഴയൊഴുക്കുന്ന മറ്റൊരു സംഘര്‍ഷം തടയാനും പ്രശ്‌നത്തിന് സമാധാനപരമായ ഒത്തുതീര്‍പ്പുണ്ടാക്കാനും ലോക നേതാക്കള്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

    യോഗത്തില്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, വൈസ് ചെയര്‍മാന്‍ ഒ എം എ സലാം, സെക്രട്ടറിമാരായ അനിസ് അഹമ്മദ്, അബ്ദുല്‍ വഹീദ് സേട്ട്. നാഷനല്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങളായ ഇ എം അബ്ദുര്‍റഹ്മാന്‍, പ്രഫ. പി കോയ, കെ എം ഷരീഫ്, അഡ്വ. എ യൂസുഫ്, എ എസ് ഇസ്മായില്‍, മുഹമ്മദ് റോഷന്‍, എം അബ്ദുസ്സമദ്, മുഹമ്മദ് ഇസ്മായില്‍ പങ്കെടുത്തു.




Tags:    

Similar News