സിപിഎം ബിജെപി അക്രമം തുടരുന്നു; കൊയിലാണ്ടിയിലും ശാസ്താംകോട്ടയിലും വീടുകള്‍ക്കുനേരെ ആക്രമണം
ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ സംഘപരിവാര്‍ ആഹ്വാനംചെയ്ത ഹര്‍ത്തിലാലിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്ക് അറുതിയായില്ല.
കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ സംഘപരിവാര്‍ ആഹ്വാനംചെയ്ത ഹര്‍ത്തിലാലിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്ക് അറുതിയായില്ല. കൊയിലാണ്ടിയിലും ശാസ്ത്രാംകോട്ടയിലും സിപിഎം, ബിജെപി നേതാക്കളുടെ വീടുകള്‍ക്കുനേരെ ബോംബേറും കല്ലേറുമുണ്ടായി. കൊയിലാണ്ടിയില്‍ ഇന്നു പുലര്‍ച്ചെ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ സിപിഎമ്മിലെ കെ ഷിജുവിന്റെ കുറുവങ്ങാട്ടുള്ള വീടിനുനേരെ അക്രമികള്‍ ബോംബെറിഞ്ഞത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഇതിനു സമീപമുള്ള നഗരസഭാ ബിജെപി കമ്മിറ്റി പ്രസിഡന്റ് വി പി മുകുന്ദന്റെ വീടിനുനേരെയും പുലര്‍ച്ചെ ബോംബേറുണ്ടായി. ഇന്നലെ പുലര്‍ച്ചെ ബിജെപി പ്രവര്‍ത്തകന്‍ അതുലിന്റെ വീടിനുനേരെ ബോംബെറിഞ്ഞിരുന്നു. ശാസ്താംകോട്ടയില്‍ ബിജെപി നേതാക്കളുടെ വീടുകള്‍ക്കു നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ബൂത്ത് പ്രസിഡന്റ് ബാബു എന്നിവരുടെ വീടുകള്‍ക്കു നേരെയായിരുന്നു ആക്രമണം. കൊട്ടാരക്കരയില്‍ ഡിവൈഎഫ്‌ഐ മേഖലാ ട്രഷററുടെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ ഇന്നലെ രാത്രി ഒരുസംഘം അടിച്ചുതകര്‍ത്തു. വീടിനു മുന്നില്‍ കിടന്ന കാറും തകര്‍ത്തു.
കേരള യുക്തിവാദി സംഘം കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും വയക്കര ചിന്താ ലൈബ്രറി പ്രസിഡന്റും പുരോഗമന കലാസാഹിത്യസംഘം ശ്രീകണ്ഠാപുരം മേഖല ജോയിന്റ് സെക്രട്ടറിയുമായ വയക്കരയിലെ കെ കെ കൃഷ്ണന്റെ വീട്ടില്‍ സാമൂഹ്യവിരുദ്ധര്‍ കരിഓയില്‍ അഭിഷേകം നടത്തി. രാത്രിയായിരുന്നു സംഭവം. ഇതുസംബന്ധിച്ച് ശ്രീകണ്ഠപുരം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയുടെ വീട്ടിലേക്ക് കുപ്പിയില്‍ പെട്രോള്‍ നിറച്ച് കത്തിച്ചെറിഞ്ഞു. വീടിനു ചെറിയ നാശനഷ്ടമുണ്ടായി. അതിനിടെ, വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറിയ കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍നിന്ന് വന്‍ ബോംബ് ശേഖരം പിടികൂടി.