സൈനികനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബിജെപി നേതാവും സംഘവും
''എന്നെ ജീവനോടെ കുഴിച്ചിടുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. അദ്ദേഹം എന്റെ വീട് തകര്‍ത്തു. രാജ്യത്തിനായി പോരാടുന്ന പട്ടാളക്കാരാണ് ഞങ്ങള്‍. ഞങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ വന്നവരല്ല. മൂന്ന് സഹോദരന്മാരും ഒരു മരുമകനും ഉള്‍പ്പെടെ എന്റെ കുടുംബാംഗങ്ങളെല്ലാം സായുധ സേനയിലുണ്ടെന്നും സിആര്‍പിഎഫ് സൈനികനായ നൂര്‍ കലീം ജന്‍താകാ റിപോര്‍ട്ടറിനോട് പറഞ്ഞു.
സുല്‍ത്താന്‍പൂര്‍(യുപി): സിആര്‍പിഎഫ് സൈനികനെ ബിജെപി നേതാവും സംഘവും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും വീട് നിര്‍മാണം തകര്‍ക്കുകയും ചെയ്‌തെന്നു പരാതി. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ പ്രാദേശിക ബിജെപി നേതാവാണ് ഗുണ്ടകളുടെ സഹായത്തോടെയെത്തി സിആര്‍പിഎഫ് ജവാനായ നൂര്‍ കലീമിനെയും കുടുംബത്തെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വച്ചതോടെ പോലിസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാവ് ശരവണ്‍ മിശ്രയും സംഘവുമാണ് നൂര്‍ കലീമിനെ ഭീഷണിപ്പെടുത്തിയത്.
''നൂര്‍ കലീം സിആര്‍പിഎഫ് സൈനികനാണ്. അദ്ദേഹം കശ്മീരിലാണ് സേവനമനുഷ്ഠിക്കുന്നത്. അദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങളും മരുമകനും ഇന്ത്യന്‍ സായുധ സേനയ്ക്കൊപ്പമുണ്ട്. എന്നാല്‍, തന്റെ ഗ്രാമത്തില്‍ ഒരു വീട് പണിയാന്‍ അദ്ദേഹം തീരുമാനിച്ചപ്പോള്‍, ബിജെപിയുടെ ബ്ലോക്ക് മേധാവി ശരവണ്‍ മിശ്ര ഗുണ്ടകളോടൊപ്പമെത്തി ഒരു റൈഫിള്‍ ചൂണ്ടി ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ വീട് നിര്‍മാണം അവര്‍ തകര്‍ത്തെ''ന്നും വീഡിയോ പങ്കുവച്ച മാധ്യമപ്രവര്‍ത്തകന്‍ കുറിച്ചു.
''എന്നെ ജീവനോടെ കുഴിച്ചിടുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. അദ്ദേഹം എന്റെ വീട് തകര്‍ത്തു. രാജ്യത്തിനായി പോരാടുന്ന പട്ടാളക്കാരാണ് ഞങ്ങള്‍. ഞങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ വന്നവരല്ല. മൂന്ന് സഹോദരന്മാരും ഒരു മരുമകനും ഉള്‍പ്പെടെ എന്റെ കുടുംബാംഗങ്ങളെല്ലാം സായുധ സേനയിലുണ്ടെന്നും സിആര്‍പിഎഫ് സൈനികനായ നൂര്‍ കലീം ജന്‍താകാ റിപോര്‍ട്ടറിനോട് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഗോഷയിങ്ഗജ് പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സുല്‍ത്താന്‍പൂര്‍ പോലിസ് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പോലിസിനെതിരേ രംഗത്തെത്തിയതോടെയാണ് സുല്‍ത്താന്‍പൂര്‍ പോലിസിന്റെ വിശദീകരണം.
ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില ദിവസം കഴിയുന്തോറും വഷളായിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈയില്‍ കാണ്‍പൂരില്‍ ഡെപ്യൂട്ടി എസ്പി ഉള്‍പ്പെടെയുള്ള എട്ട് പോലിസ് ഉദ്യോഗസ്ഥരെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെയും സംഘവും കൊലപ്പെടുത്തിയിരുന്നു. ഉന്നത ബിജെപി നേതാക്കളുമായി സൗഹൃദം പുലര്‍ത്തിയിരുന്ന വികാസ് ദുബെയെ മധ്യപ്രദേശില്‍ നിന്ന് പോലിസ് പിടികൂടുകയും ഡല്‍ഹിയിലേക്കുള്ള വഴിമധ്യേ കൊല്ലപ്പെടുകയുമായിരുന്നു. പോലിസ് വാഹനം അപകടത്തില്‍പെട്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് വികാസ് ദുബെ കൊല്ലപ്പെട്ടതെന്നാണ് പോലിസ് ഭാഷ്യമെങ്കിലും ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
BJP goons brandish weapons to threaten CRPF soldier in Sultanpur