സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പെ ഒറ്റയ്‌ക്കെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ബിജെപി നേതാവ്; ഞെട്ടലോടെ അണികള്‍
ശുഭദിനമായതിനാലാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത്. ബി ഫോം പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസം മുന്‍പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പെ അണികളെ ഞെട്ടിച്ച് ബിജെപി നേതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തമിഴ്‌നാട് ഘടകം ബിജെപി വൈസ്പ്രസിഡന്റ് നായ്‌നാര്‍ നാഗേന്ദ്രനാണ് തിരുനെല്‍വേലി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത്.ബി ഫോം ഇല്ലാതെയാണ് റിട്ടേണിങ് ഓഫിസര്‍ക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ഒറ്റയ്‌ക്കെത്തിയാണ് ബിജെപി നേതാവ് പത്രിക സമര്‍പ്പിച്ചത്. ശുഭദിനമായതിനാലാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത്. ബി ഫോം പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസം മുന്‍പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പെ പത്രിക നല്‍കിയ നടപടി ശരിയായില്ലന്നും സ്ഥാനാര്‍ഥി പട്ടിക വരുന്നതുവരെ നാഗേന്ദ്ര കാത്തുനില്‍ക്കണമായിരുന്നെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന നേതാവ് പ്രതികരിച്ചു. ഭാവിയില്‍ ഇത് തെറ്റായ പ്രവണതയ്ക്ക് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐഐഡിഎംകെ തിരുനെല്‍വേലി മണ്ഡലം ബിജെപിക്ക് അനുവദിച്ചതിനാല്‍ പ്രചാരണം നേരത്തെ ആരംഭിച്ചതായി അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു. നാഗേന്ദ്രനാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അനുയായികള്‍ പറയുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥിയായ മത്സരിച്ച നാഗേന്ദ്രന്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്.