യുപിയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു; ദൃശ്യങ്ങള്‍ പുറത്ത്
അമിത് ചൗധരി, അനികേത് എന്നിവരുള്‍പ്പെട്ട സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.
ലക്‌നോ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. സംഭാല്‍ ജില്ലയിലെ എന്‍ചോറ കാംബോ സ്വദേശിയായ അനുജ് ചൗധരി (34)യെയാണ് വെടിവച്ച് കൊന്നത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മൊറാദാബാദിലെ പാര്‍ശ്വനാഥ് ഹൗസിങ് സൊസൈറ്റിയിലെ വസതിക്ക് പുറത്തുവച്ചാണ് വെടിയേറ്റത്. മറ്റൊരാള്‍ക്കൊപ്പം നടന്നുപോവുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗസംഘം അനുജ് ചൗധരിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു നിലത്തുവീണ ശേഷവും പ്രതികള്‍ ചൗധരിക്കു നേരെ വെടിയുതിര്‍ത്ത് മരണം ഉറപ്പാക്കിയ ശേഷമാണ് കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ചൗധരിയെ ഉടന്‍ തന്നെ മൊറാദാബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളാണ് കൊലപാതകത്തിനു പിന്നിലെന്ന് ചൗധരിയുടെ കുടുംബം ആരോപിച്ചു. അമിത് ചൗധരി, അനികേത് എന്നിവരുള്‍പ്പെട്ട സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമാന്വേഷണം നടത്തുന്നതായും പോലിസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അനുജ് ചൗധരി പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഉന്നത ബിജെപി നേതാക്കളുമായും മന്ത്രിമാരുമായും അടുത്ത ബന്ധമുണ്ട്. 2021ല്‍ അസ്മൗലി ബ്ലോക്ക് ചീഫ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിനു ശേഷം ചൗധരിയും ബ്ലോക്ക് ചീഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ത്രീയുടെ മകന്‍ അനികേതും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ബ്ലോക്ക് ചീഫിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ചൗധരി പറഞ്ഞിരുന്നതായും ഇതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് സംശയിക്കുന്നത്.