ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു; ബിജെപി നേതാവിന്റെ ബന്ധുവിന്റെ കൈ അറ്റു
28കാരനായ ലളിത് ദ്വിവേദിക്കാണ് ട്രെയിന്‍ ഇടിച്ച് കൈ നഷ്ടമായത്.
മുംബൈ: ബിജെപി നേതാവിന്റെ ബന്ധുവിനെ അക്രമി സംഘം ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടു. യുവാവിന് ഇടതുകൈ നഷ്ടമായി. 28കാരനായ ലളിത് ദ്വിവേദിക്കാണ് ട്രെയിന്‍ ഇടിച്ച് കൈ നഷ്ടമായത്. ഗുരുതര പരിക്കുകളോടെ ഇയാളെ ലാല ലജ്പത് റായ് ആശുപത്രിയിലും തുടര്‍ന്ന് ലഖ്‌നൗവിലെ കെജിഎംയു ട്രോമ സെന്ററിലും പ്രവേശിപ്പിച്ചു.മഹാരാഷ്ട്രയിലെ ഗതംപൂര്‍ മേഖലയിലാണ് സംഭവം നടന്നത്.
സംഭവുമായി ബന്ധപ്പെട്ട് ചിലരെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെ പറ്റി പോലിസ് പറയുന്നത് ഇപ്രകാരമാണ്. ലളിത് ദ്വിവേദി ചൊവ്വാഴ്ച രാത്രി ഗോപാല്‍പൂര്‍ ഗ്രാമത്തിലെ രാംലീല കാണാന്‍ പോയിരുന്നു. അവിടെവച്ച് ഒരുകൂട്ടം ആളുകളുമായി വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബിജെപി പ്രാദേശിക നേതാവായ അമ്മാവന്‍ ഉമേഷ് ദ്വിവേദി ഇടപ്പെട്ട് പ്രശ്‌നം പറഞ്ഞുതീര്‍ക്കുകയും മരുമകനെയും മറ്റുള്ളവരെയും തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍, അര്‍ധരാത്രിയോടെ ലളിത് വീണ്ടും രാംലീല മൈതാനത്ത് എത്തുകയും നേരത്തെ വഴക്കിട്ട സംഘവുമായി വീണ്ടും കൊമ്പുകോര്‍ക്കുകയും ചെയ്തു.
സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ ലളിതിനെ സംഘം ബാന്ദ കാന്‍പൂര്‍ റെയില്‍വെ ട്രാക്കില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് തീവണ്ടിയുടെ മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിന്‍ തട്ടിയാണ് ലളിതിന്റെ ഇടതുകൈ അറ്റുപോയത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെട്ടു. പിറ്റേദിവസം രാവിലെ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ലളിതിനെ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പോലിസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പോലിസ് അറിയിച്ചു.