മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണവുമായി ബിജെപി എംപി; തിരുത്തുമായി ഡല്‍ഹി പോലിസ്
പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി പര്‍വേശ് ശര്‍മ്മയാണ് ഒരു വിഭാഗം ആളുകള്‍ കൂട്ടമായി നമസ്‌ക്കരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി: മുസ് ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രചാരണവുമായി ഡല്‍ഹി ബി.ജെ.പി എം.പി പര്‍വേശ് വര്‍മ. പഴയ വീഡിയോ പോസ്റ്റ് ചെയ്താണ് ലോക്ക്ഡൗണ്‍ ലംഘിച്ച് ഒരു വിഭാഗം മുസ് ലിംകള്‍ പ്രാര്‍ഥനക്ക് എത്തിയതായി ബിജെപി എംപി വര്‍ഗീയ പ്രചാരണം നടത്തിയത്.
എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും, എം.പി ഷെയര്‍ ചെയ്തത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള വീഡിയോ ആണെന്നുമുള്ള തിരുത്തുമായി ഡല്‍ഹി പോലിസ് രംഗത്ത് എത്തുകയായിരുന്നു.
പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി പര്‍വേശ് ശര്‍മ്മയാണ് ഒരു വിഭാഗം ആളുകള്‍ കൂട്ടമായി നമസ്‌ക്കരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കിഴക്കന്‍ ഡല്‍ഹിയിലെ പട്പര്‍ഗഞ്ചില്‍ ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് നമസ്‌ക്കരിക്കുന്നതായിരുന്നു വീഡിയോ. എന്നാല്‍ രണ്ടു മാസം മുമ്പുള്ള വീഡിയോ ആണ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്ന തരത്തില്‍ എം.പി പ്രചരിപ്പിച്ചത്.
ഏതെങ്കിലും മതവിഭാഗത്തിന് ഇത്തരത്തില്‍ പെരുമാറാനുള്ള അനുമതിയുണ്ടോ എന്ന തലക്കെട്ടോടെയാണ് പര്‍വേശ് വര്‍മ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഇല്ലാതാക്കുന്നതിന് ഡല്‍ഹി മുഖ്യമന്ത്രി മൗലവിമാരുടെ ശമ്പളം വെട്ടികുറക്കണമെന്നും എംപി ആവശ്യപ്പെട്ടു.
എന്നാല്‍ വീഡിയോ പഴയതും വാര്‍ത്ത വ്യാജമാണെന്നും അറിയിച്ച് പൊലീസ് ട്വറ്ററില്‍ തന്നെ മറുപടിയുമായി എത്തുകയായിരുന്നു. ഡിസിപി ഈസ്റ്റ് ഡല്‍ഹിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് എംപിക്കുള്ള മറുപടി എത്തിയത്. മഹാമാരി കാലത്തും വര്‍ഗീയത പ്രചരിപ്പിക്കുന്ന തിരക്കിലാണ് ബിജെപി നേതാക്കളെന്ന് ഡല്‍ഹി പോലിസ് ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് ആംആദ്മി രാജ്യസഭാ എം.പി സഞ്ജയ് സിങ് കുറ്റപ്പെടുത്തി. വര്‍ഗീയ പ്രചാരണത്തിനെതിരെ ഡല്‍ഹി പോലിസ് തന്നെ രംഗത്തെത്തിയതോടെ എംപി ട്വീറ്റ് മുക്കി.