മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച ബിജെപി നേതാവിന് സസ്‌പെന്‍ഷന്‍

പാകിസ്താന്‍ ഉണ്ടായത് തന്നെ മഹാത്മാഗാന്ധിയുടെ ആശീര്‍വാദത്തോടെയാണ്. അതുകൊണ്ട് മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവായിരിക്കാം, ഇന്ത്യയുടേതല്ല എന്നായിരുന്നു അനില്‍ സൗമിത്ര ഫേസ് ബുക്കില്‍ കുറിച്ചത്.

Update: 2019-05-17 12:46 GMT

ഭോപ്പാല്‍: മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച ബിജെപി മധ്യപ്രദേശ് ഘടകത്തിന്റെ മാധ്യമ സെല്‍ മേധാവി അനില്‍ സൗമിത്രയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇയാളെ ബിജെപി സസ്‌പെന്‍ഡ് ചെയ്തത്. മഹാത്മാഗാന്ധിയെ പാകിസ്താന്റെ രാഷ്ട്രപിതാവെന്ന് വിളിച്ച് അധിക്ഷേപിച്ചതിനു പിന്നാലെയാണ് നടപടി. ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്ന് പറഞ്ഞ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താക്കൂറിനെ പിന്തുണച്ചായിരുന്നു അനില്‍ സൗമിത്രയുടെ പരാമര്‍ശം.

പാകിസ്താന്‍ ഉണ്ടായത് തന്നെ മഹാത്മാഗാന്ധിയുടെ ആശീര്‍വാദത്തോടെയാണ്. അതുകൊണ്ട് മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവായിരിക്കാം, ഇന്ത്യയുടേതല്ല എന്നായിരുന്നു അനില്‍ സൗമിത്ര ഫേസ് ബുക്കില്‍ കുറിച്ചത്. പോസ്റ്റ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായെങ്കിലും ഇയാള്‍ തിരുത്താനോ പോസ്റ്റ് പിന്‍വലിക്കാനോ തയ്യാറായില്ലെന്ന് മാത്രമല്ല ഇതിനെ ന്യായീകരിച്ച് മറ്റൊരു കുറിപ്പ് കൂടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

താന്‍ പറഞ്ഞത് സത്യമാണ്. ഒരു പണ്ഡിതനും താന്‍ പറഞ്ഞത് തെറ്റാണെന്ന് പറയാനാകില്ല. പോസ്റ്റ് പിന്‍വലിക്കില്ല. എന്നായിരുന്നു ഇയാളുടെ രണ്ടാമത്തെ പോസ്റ്റ്. ഇതോടെയാണ് അനില്‍ സൗമിത്രക്കെതിരേ ബിജെപി അച്ചടക്ക നടപടിയെടുത്തത്.

Tags:    

Similar News