വഖ്ഫ് ഭേദഗതി നിയമത്തിന്റെ ''ഗുണങ്ങള്‍'' ക്രിസ്ത്യാനികളെ അറിയിക്കാനായി ഈസായി സദ്ഭാവന പരിപാടിയുമായി ബിജെപി; കേരളമടക്കം 14 സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്യാംപയിന്‍ നടത്തും

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിന്റെ ''ഗുണങ്ങള്‍'' ക്രിസ്ത്യാനികളെ അറിയിക്കാന്‍ കേരളം അടക്കം 14 സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രത്യേക കാംപയിന്‍ നടത്താന്‍ ബിജെപി തീരുമാനിച്ചു. 'ഈസായി സദ്ഭാവ്' എന്ന പേരിലാണ് പരിപാടി നടത്തുക. പ്രതിപക്ഷത്തിന്റെ 'വ്യാജ' ആഖ്യാനങ്ങളെ തകര്‍ക്കാനും വഖ്ഫ് ഭേദഗതി ഇതര സമുദായങ്ങള്‍ക്കുണ്ടാക്കുന്ന 'ഗുണവും' കാണിക്കാനാണ് പരിപാടി.
വഖ്ഫ് ഭേദഗതിയുടെ ഗുണഗണങ്ങള്‍ വര്‍ണിക്കാന്‍ ഏപ്രില്‍ 20 മുതല്‍ മേയ് അഞ്ചു വരെ നടത്തുന്ന വഖ്ഫ് സുതാര്‍ ജനജാഗരണ്‍ അഭിയാന്‍ കാംപയിന്റെ ഭാഗമാണ് 'ഈസായി സദ്ഭാവ്'. കാംപയിന്റെ ഭാഗമായി ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ജാര്‍ഖണ്ഡ്, കേരളം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഓരോ ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളില്‍ കാംപയിന്‍ നടത്തും. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനമുള്ള നേതാക്കള്‍ക്കായിരിക്കും ഈ പ്രവര്‍ത്തനത്തിന്റെ ചുമതല നല്‍കുക.
'' ഈ നിയമം ക്രിസ്ത്യന്‍ സമുദായത്തിന് നിരവധി നേട്ടങ്ങള്‍ നല്‍കും. മുസ്‌ലിംകളുടെ കാര്യമാണ് പ്രതിപക്ഷം പറയുന്നത്. നിയമഭേദഗതി മറ്റു സമുദായങ്ങള്‍ക്കുണ്ടാക്കുന്ന നേട്ടമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അത്തരം വിഷയങ്ങളെ കുറിച്ച് ഞങ്ങള്‍ എല്ലായിടത്തും സംസാരിക്കും.''-ഒരു മുതിര്‍ന്ന ബിജെപി നേതാവ് ദി പ്രിന്റിനോട് പറഞ്ഞു. വഖ്ഫ് നിയമഭേദഗതിയെ കുറിച്ചുള്ള പ്രചാരണ സാമഗ്രികള്‍ പ്രവര്‍ത്തകര്‍ക്ക് ബിജെപി നല്‍കുന്നുണ്ട്.