പത്മഭൂഷണ്‍ ഉസ്താദ് അഹമ്മദ് ജാന്‍ ഖാന്റെ പ്രതിമ നീക്കം ചെയ്യണമെന്ന് ബിജെപി
മൊറാദാബാദ്: പ്രശസ്ത തബല വാദകന്‍ പത്മഭൂഷണ്‍ ഉസ്താദ് അഹമ്മദ് ജാന്‍ ഖാന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി-വിഎച്ച്പി പ്രതിഷേധം. ഇന്നലെ ബിജെപി-വിഎച്ച്പി പ്രവര്‍ത്തകര്‍ മൊറാദാബാദ്-ഹരിദ്വാര്‍ ഹൈവേ ഉപരോധിച്ചു. ഉസ്താദിന്റെ പ്രതിമ നീക്കം ചെയ്ത് പകരം സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തില്‍ പ്രദേശവാസികളും പങ്കെടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു.
പ്രശസ്ത കൊട്ടു വാദ്യവിദഗ്ദനായ ഉസ്താദ് അഹമ്മദ് ഖാന്‍ 1976ല്‍ 84ാം വയസിലാണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മൊറാദാബാദ് മേയറായ വിനോദ് അഗര്‍വാള്‍ പ്രതിമ സ്ഥാപിച്ചത്. പ്രദേശത്തെ ഒരു റോഡിന് ഉസ്താദ് അഹമ്മദ് ഖാന്‍ റോഡ് എന്നു പേരും നല്‍കി. മൊറാദാബാദിലെ അക്ബര്‍ കോട്ടയുടെ സമീപത്തെ കാന്ത് റോഡിലെ സുഭാഷ് ക്രോസിങ്ങിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇതിനെയാണ് പ്രദേശത്തെ ബിജെപി-വിഎച്ച്പി നേതാക്കള്‍ ചോദ്യം ചെയ്യുന്നത്.
പ്രതിമയെ കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റുകളും പ്രതിഷേധക്കാര്‍ പുതപ്പിച്ചു. ഈ പ്രതിമ പ്രദേശത്ത് തുടരുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് വിഎച്ച്പി പ്രാദേശിക നേതാവ് ജയ്‌ദേവ് യാദവ് പറഞ്ഞു. പ്രതിമനീക്കം ചെയ്യുന്നതു വരെ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ബിജെപി നേതാവ് അഗര്‍വാള്‍ പറഞ്ഞു.