''കേന്ദ്രസര്‍ക്കാരിനെതിരായ പടയോട്ടത്തില്‍ പങ്കെടുത്ത മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണം''; ബിജെപി നേതാവ്

Update: 2025-03-29 03:36 GMT

കൊച്ചി: എംപുരാന്‍ സിനിമയില്‍ അഭിനയിച്ച മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ്. മോഹന്‍ലാലിനെ പോലുള്ള ഒരാള്‍ തിരക്കഥ വായിക്കാതെ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സി രഘുനാഥ് പറഞ്ഞു. '' സിനിമ ഞാന്‍ കണ്ടു. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, ഈ സിനിമ രാഷ്ട്രീയ പ്രേരിതമാണ്. അതിന് അജണ്ഡയുണ്ട്. നിലവിലെ ഭരണകൂടത്തെ താറടിച്ചു കാണിക്കുന്ന സിനിമയാണ് അത്. ആരെയൊക്കെയോ തൃപ്തിപെടുത്താനാണ് സിനിമ എടുത്തിരിക്കുന്നത്. അത് കമേഴ്‌സ്യല്‍ താല്‍പര്യമോ മതപരമായ താല്‍പര്യമോ ആവാം. മോഹന്‍ലാല്‍ കഥ വായിക്കാതെ അഭിനയിക്കില്ല. പക്ഷേ, ലാല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗമാണ്. തിരക്കഥ വായിക്കാതെ ലാല്‍ അഭിനയിക്കില്ല. അതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് എതിരായ പടയോട്ടത്തില്‍ പങ്കെടുത്ത ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണം.''-രഘുനാഥ് പറഞ്ഞു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം. വിഷയത്തെ ബിജെപി ലഘുവായല്ല കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കീര്‍ത്തിചക്ര, കുരുക്ഷേത്ര പോലുള്ള യുദ്ധസിനിമകളില്‍ അഭിനയിച്ചതിനാണ് 2009ല്‍ മോഹന്‍ലാലിന് ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.


Similar News