ഉജ്ജെയ്ന്‍: രാഷ്ട്രപിതാവ് മഹാതാമാ ഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹി തന്നെയെന്ന് ആവര്‍ത്തിച്ച് ഭോപ്പാലിലെ ബിജെപി എംപിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍. എബിവിപി (അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്) പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിവാദ പരാമര്‍ശം. രാജ്യത്തെ ആദ്യ തീവ്രവാദി നാഥൂറാം ഗോഡ്‌സെയാണെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് പ്രജ്ഞയുടെ ഗോഡ്‌സെ സ്തുതി. 'കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ദേശസ്‌നേഹികളെ അധിക്ഷേപിച്ചു. അവരെ കാവി തീവ്രവാദികള്‍' എന്ന് വിശേഷിപ്പിച്ചു. ഇതിനേക്കാള്‍ മോശമായ ഒന്നും തന്നെയില്ല. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രജ്ഞാസിങ് പറഞ്ഞു.
നേരത്തേ, 2019 മെയ് മാസത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോഡ്‌സെയെ പ്രജ്ഞാസിങ് ദേശസ്‌നേഹിയെന്നു വിളിച്ചത് വിവാദമാവുകയും ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് ക്ഷമ ചോദിക്കുകയും പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഹിന്ദു മഹാസഭ ഗ്വാളിയറില്‍ ഗോഡ്‌സെയുടെ പേരില്‍ ഒരു പഠന കേന്ദ്രം ആരംഭിച്ചെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം ഇത് അടച്ചു. രാമക്ഷേത്ര നിര്‍മാണ ഫണ്ട് ശേഖരണാര്‍ഥം മധ്യപ്രദേശില്‍ റാലി നടത്തിയപ്പോള്‍ കല്ലേറ് നടത്തിയവര്‍ക്കെതിരേ 'കര്‍ശന'മായി ഇടപെട്ടതിന് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ പ്രജ്ഞാസിങ് ഠാക്കൂര്‍ പ്രശംസിച്ചു. 2008 ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് പ്രജ്ഞാസിങ് ഠാക്കൂര്‍.
BJP's Pragya Thakur calls Godse 'patriot' again