ബംഗാള്‍ പോലിസുകാരന്റെ മരണം; സുവേന്ദു അധികാരി നാളെ ചോദ്യം ചെയ്യാന്‍ ഹാജരാവണം

തിങ്കളാഴ്ച സംസ്ഥാന ക്രിമിനല്‍ അന്വേഷണ വകുപ്പിന് മുന്നില്‍ ഹാജരാവാനാണ് സുവേന്ദുവിന് നിര്‍ദേശം നല്‍കിയത്.

Update: 2021-09-05 01:37 GMT
കൊല്‍ക്കത്ത: 2018ല്‍ ഒരു സുരക്ഷാ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്‍ കൂട്ടാളിയും നിലവില്‍ പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പോലിസ്.

തിങ്കളാഴ്ച സംസ്ഥാന ക്രിമിനല്‍ അന്വേഷണ വകുപ്പിന് മുന്നില്‍ ഹാജരാവാനാണ് സുവേന്ദുവിന് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥന്റേത് ആത്മഹത്യയാണോ അതോ മറ്റാര്‍ക്കെങ്കിലും മരണത്തില്‍ പങ്കുണ്ടോ എന്ന കാര്യമാണ് പോലിസ് അന്വേഷിക്കുന്നത്.

തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി, ബാനര്‍ജിയുടെ അനന്തരവന്‍ എന്നിവര്‍ക്ക് കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചതിന് പിന്നാലെയാണ് സുവേന്ദുവിനെതിരേയും സമന്‍സ് അയച്ചത്.

ഡയമണ്ട് ഹാര്‍ബര്‍ എംപിയുടെ ഭാര്യ രുജിറ ബാനര്‍ജിയോട് കഴിഞ്ഞ ദിവസം ഏജന്‍സിക്ക് മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ എംപിക്കും ഭാര്യക്കും ഒപ്പം രണ്ട് മുതിര്‍ന്ന പശ്ചിമ ബംഗാള്‍ പോലിസ് ഉദ്യോഗസ്ഥരും സംസ്ഥാന നിയമമന്ത്രിയുമായ മോളോയ് ഘടക് എന്നിവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

മമതയ്ക്ക് കീഴില്‍ ഗതാഗത മന്ത്രിയായിരുന്ന സുവേന്ദു അധികാരി 2020 നവംബറിലാണ് പദവി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഏതാനും മാസം മുമ്പ് നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ നിന്ന് മമതയ്‌ക്കെതിരേ മല്‍സരിച്ച് നിയമസഭയിലെത്തിയിരുന്നു.

ശാരദ ഗ്രൂപ്പ് സാമ്പത്തിക അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2014 ല്‍ അധികാരിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോയില്‍, അയാള്‍ കൈക്കൂലി വാങ്ങുന്നതായി വെളിപ്പെട്ടിരുന്നു.

Tags:    

Similar News