വര്‍ഗീയതയും പി സി ജോര്‍ജും ഗുണം ചെയ്തില്ല; കെട്ടിവെച്ച കാശുപോയത് മിച്ചം; നാണം കെട്ട് ബിജെപി

പൂഞ്ഞാറില്‍ തോറ്റ ശേഷം മുസ്‌ലിം വിദ്വേഷം മുഖമുദ്രയാക്കി വര്‍ഗീയ വിഷംവമിപ്പിച്ച് മതങ്ങള്‍ക്കിടയിലെ സൗഹൃദത്തിന് കനത്ത വിള്ളലേപ്പിച്ച പി സി ജോര്‍ജുമായി കൈകോര്‍ത്തെങ്കിലും തൃക്കാക്കരയില്‍ പാര്‍ട്ടിക്ക് കെട്ടിവെച്ച കാശ് പോയത് മിച്ചം.

Update: 2022-06-04 03:34 GMT

സ്വന്തം പ്രതിനിധി

കൊച്ചി: വിദ്വേഷ പ്രചാരണങ്ങളിലൂടെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. അതിനായി, പൂഞ്ഞാറില്‍ തോറ്റ ശേഷം മുസ്‌ലിം വിദ്വേഷം മുഖമുദ്രയാക്കി വര്‍ഗീയ വിഷംവമിപ്പിച്ച് മതങ്ങള്‍ക്കിടയിലെ സൗഹൃദത്തിന് കനത്ത വിള്ളലേപ്പിച്ച പി സി ജോര്‍ജുമായി കൈകോര്‍ത്തെങ്കിലും തൃക്കാക്കരയില്‍ പാര്‍ട്ടിക്ക് കെട്ടിവെച്ച കാശ് പോയത് മിച്ചം.

സി ക്ലാസ് മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുമെന്ന് അവകാശപ്പെട്ട ബിജെപി നിലവിലുള്ള വോട്ട് പോലും നേടാനാവാതെയാണ് നാണംകെട്ടത്. ഒ രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് ബിജെപി എംഎല്‍എയായി പോകുന്ന സ്ഥാനാര്‍ഥി താനായിരിക്കുമെന്ന് പോളിങ് ദിനത്തില്‍ അവകാവാദമുയര്‍ത്തിയ എ എന്‍ രാധാകൃഷ്ണന് 2021 ല്‍ ജില്ല നേതാവായ എസ് സജി നേടിയതിനേക്കാള്‍ 2500 ലേറെ കുറവ് വോട്ടുകളാണ് ലഭിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ പ്രത്യേകിച്ച് ക്രൈസ്തവര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുമ്പോള്‍ തന്നെ, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷക വേഷം അണിയാനുള്ള കുതന്ത്രവും വോട്ടര്‍മാരില്‍ ഏശിയില്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ഭിന്നിപ്പിച്ച് കിട്ടാനുള്ള പരമാവധി ശ്രമം ബിജെപി നടത്തിയിരുന്നു. ഇതിനായി സഭാ നേതൃത്വത്തെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാന്‍ സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനടക്കം രംഗത്തിറങ്ങുകയും ചെയ്തു.

എന്നിട്ടും ആകെ നേടാനായത് 9.57 ശതമാനം വോട്ടുകള്‍. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ബിജെപിക്ക് വലിയ വോട്ട് കുറവാണ് മണ്ഡലത്തിലുണ്ടാവുന്നത്. 2016 ല്‍ 21,247 വോട്ടുകള്‍ ലഭിച്ച ബിജെപി 2021 ല്‍ 15,483 വോട്ടിലേക്ക് ചുരുങ്ങിയിരുന്നു. ഇത്തവണ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടും 12,955 വോട്ടുകളിലേക്ക് ചുരുങ്ങി.

കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ മണ്ഡലത്തില്‍ ക്യാംപ് ചെയ്തായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വീടുകള്‍ നാലുതവണയെങ്കിലും കയറിയിറങ്ങി. പ്രചാരണത്തിനായി പുറമെനിന്നും ആളെയിറക്കി. വന്‍തുകയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. ഏറ്റവും ഒടുവില്‍ പി സി ജോര്‍ജിനെയും രംഗത്തിറക്കി. എന്നാല്‍, സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ പോലും കൈഒഴിഞ്ഞ പി സി ജോര്‍ജിനെ തൃക്കാക്കരയിലെ ക്രൈസ്തവ വോട്ടര്‍മാരും ആട്ടിയോടിച്ചെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

തൃക്കാക്കരയിലുണ്ടായത് ശക്തമായ സഹതാപതരംഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. ശക്തമായ പ്രവര്‍ത്തനം നടത്തി വോട്ടിന്റെ തത്സ്ഥിതി നിലനിര്‍ത്താന്‍ ബിജെപിക്ക് ഏതാണ്ട് കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ അവകാശവാദം.

വന്‍ പരാജയം വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

Tags:    

Similar News