'രക്തം, ശരീരഭാഗങ്ങള്‍, നിലവിളി': ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ ബാക്കിപത്രം
വ്യോമാക്രമണത്തില്‍ നിലംപൊത്തിയ കെട്ടിടങ്ങളിലും തെരുവുകളിലും കട്ടംപിടിച്ച രക്തത്തിന്റേയും ചിതറിത്തെറിച്ച ശരീരഭാഗങ്ങളുടേയും മനം മടുപ്പിക്കുന്ന കാഴ്ചയാണ്. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടേ ആര്‍ത്തനാദങ്ങളാല്‍ മുഖരിതമാണ് ഗസയിലെ ഓരോ തെരുവുകളും
ഗസ സിറ്റി: ഇസ്രായേലി യുദ്ധവിമാനങ്ങള്‍ തീമഴ വര്‍ഷിച്ച തെക്കന്‍ ഗസ മുനമ്പും റഫയും തകര്‍ന്ന കെട്ടിടങ്ങളുടെ കുമിഞ്ഞ്കൂടിയ അവശിഷ്ടങ്ങളാല്‍ നിറഞ്ഞുനില്‍ക്കുകയാണ്. വ്യോമാക്രമണത്തില്‍ നിലംപൊത്തിയ കെട്ടിടങ്ങളിലും തെരുവുകളിലും കട്ടംപിടിച്ച രക്തത്തിന്റേയും ചിതറിത്തെറിച്ച ശരീരഭാഗങ്ങളുടേയും മനം മടുപ്പിക്കുന്ന കാഴ്ചയാണ്. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടേ ആര്‍ത്തനാദങ്ങളാല്‍ മുഖരിതമാണ് ഗസയിലെ ഓരോ തെരുവുകളും.
മറ്റൊരു ഭീകര രാത്രി കൂടിയാണ് ഇന്നലെ കടന്നുപോയത്.ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (PIJ) പ്രസ്ഥാനത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍ ഖാലിദ് മന്‍സൂര്‍ ഉള്‍പ്പെടെ നിരവധി ഫലസ്തീനികളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്.
പരിമിതമായ ഉപകരണങ്ങള്‍ ഇസ്രായേല്‍ തകര്‍ത്ത അഭയാര്‍ത്ഥി ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പരിക്കേറ്റവരുടെയും മരിച്ചവരുടെ മൃതദേഹങ്ങളും വീണ്ടെടുക്കുന്നത് തുടരുകയാണ് സിവില്‍ ഡിഫന്‍സ്, റെസ്‌ക്യൂ സംഘങ്ങള്‍.
ശനിയാഴ്ച റഫയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്.ഇസ്രായേലിന്റെ മൂന്ന് ദിവസത്തെ ആക്രമണത്തില്‍ 15 കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 43 പേര്‍ കൊല്ലപ്പെട്ടു. 300ലധികം പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റു.
ആസ്ബറ്റോസ് മേല്‍ക്കൂരയുള്ള വീടുകളുടെ ആധിക്യം ക്യാമ്പിലെ ഇടുങ്ങിയ ഇടവഴികളിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചുമൂടപ്പെട്ട തന്റെ അയല്‍വാസികളിലേക്ക് രക്ഷാപ്രവര്‍ത്തകരെ എത്തിക്കാന്‍ സഹായിക്കുന്നതിന് 46 കാരനായ അഷ്‌റഫ് അല്‍ഖൈസി തന്റെ വീട് മുഴുവന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയാണ് സൗകര്യം ചെയ്തു കൊടുത്തത്.
'ഇത് എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ രാത്രിയാണ്'- അല്‍ഖൈസി അല്‍ ജസീറയോട് പറഞ്ഞു. ഞാന്‍ എന്റെ ഭാര്യയോടും ആറ് കുട്ടികളോടും ഒപ്പം എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു, ഞങ്ങള്‍ പെട്ടെന്ന് ഷെല്ലാക്രമണത്തിന്റെ ശബ്ദം കേള്‍ക്കുകയും സീലിംഗിന്റെ ഒരു ഭാഗം തകരുകയും ചെയ്തു. എന്റെ ഒരു മകനു പരിക്കേറ്റു-അദ്ദേഹം പറഞ്ഞു.
തകര്‍ന്നുപോയ നിമിഷങ്ങള്‍
ഇസ്രായേല്‍ ബോംബര്‍ വിമാനങ്ങളുടെ മുരള്‍ച്ച കേട്ട് വീട്ടിന് പുറത്തിറങ്ങി നോക്കുമ്പോള്‍ ബോംബാക്രമണത്തില്‍ തന്റെ അയല്‍വാസികളുടെ വീടുകള്‍ വെറും കല്‍കൂമ്പാരമായി മാറുന്നതാണ് കണ്ടത്-
അല്‍ഖൈസി പറഞ്ഞു. 'കഠിനമായ നിമിഷങ്ങളായിരുന്നു അത്. രക്തം, ശരീരഭാഗങ്ങള്‍, അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോയവരുടെ നിലവിളികള്‍, മുറിവേറ്റവരുടേയും മരിച്ചവരുടേയും മൃതദേഹങ്ങള്‍'-അക്കാര്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അല്‍ഖൈസിക്ക് വാക്കുകള്‍ മുറിയുന്നു.
'ബുള്‍ഡോസറുകള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു, അതിനാല്‍ അടുത്തുള്ള എന്റെ അയല്‍ക്കാരെ രക്ഷിക്കാന്‍ ഞാന്‍ ബുള്‍ഡോസറുകളെ തന്റെ വീട് മുഴുവന്‍ പൊളിക്കാന്‍ അനുവദിച്ചു'- അദ്ദേഹം തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ അല്‍ ജസീറയോട് പറഞ്ഞു.
തനിക്ക് ജോലിയില്ലെങ്കിലും കുടുംബം പോറ്റാന്‍ വരുമാനമില്ലെങ്കിലും, തന്റെ വീട് പൊളിക്കാന്‍ രക്ഷാപ്രവര്‍ത്തകരെ അനുവദിക്കാന്‍ താന്‍ മടിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. 'സാഹചര്യങ്ങള്‍ വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമായിരുന്നു- അദ്ദേഹം പറഞ്ഞു. 'എങ്ങനെയെങ്കിലും സഹായിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.'
'മതി മതിയെന്ന് ഞാന്‍ ലോകത്തോട് പറയുന്നു. നമുക്ക് നേരെ നടക്കുന്ന യുദ്ധങ്ങളും ബോംബാക്രമണങ്ങളും കൊലപാതകങ്ങളും മതി. ഞങ്ങള്‍ ക്ഷീണിതരാണ്. ഞങ്ങള്‍ ശരിക്കും ക്ഷീണിതരാണ്' -പരിക്കേറ്റ മകന്‍ അഹമ്മദിനെ പിടിച്ച് അല്‍ഖൈസി പറഞ്ഞു.
ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനായി അല്‍ഖൈസിയുടെ അയല്‍വാസിയായ വസാം ജൂദയുടെ വീടിന്റെ ഒരു ഭാഗവും പൊളിച്ചുനീക്കേണ്ടിവന്നു.
'ഗസ ഒറ്റയ്ക്കാണ്'
'നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ മൂന്ന് മാസം മുമ്പ് മാത്രമാണ് താന്‍ ഈ വീട് വാങ്ങിയത്. പരിക്കേറ്റവരിലേക്കും അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടവരിലേക്കും എത്തിച്ചേരാന്‍ ഇത് പൊളിക്കാന്‍ അനുവദിക്കാന്‍ താന്‍ മടിച്ചില്ല'- ജൗദെ പറഞ്ഞു. 'അവര്‍ എന്റെ അയല്‍ക്കാരാണ്, അവര്‍ക്ക് സംഭവിച്ചതില്‍ ഞാന്‍ വളരെ ദുഃഖിതനാണ്'.
ഗാസയ്‌ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ജൗദെ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. 'ഗസ ഒറ്റയ്ക്കാണ്. തങ്ങള്‍ ആരോടും വഴക്ക് തുടങ്ങിയിട്ടില്ല. തങ്ങള്‍ സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരാണ്'-അദ്ദേഹം പറഞ്ഞു.
ഗസയുടെ വടക്ക്, ജബാലിയ അഭയാര്‍ഥി ക്യാംപിലെ വീടിനടുത്തുള്ള ബോംബാക്രമണത്തില്‍ ഏക മകന്‍ ഖലീലിനെ (19) നഷ്ടപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് നജ്‌വ അബു ഹമദ (46) ഇതുവരെ കരകയറിയിട്ടില്ല.
തനിക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച് സുഹൃത്തിനൊപ്പം പുറത്തിറങ്ങിയതായിരുന്നു. 'അവന്‍ പോയി ഒരു മിനിറ്റിനുള്ളില്‍ ബോംബിങിന്റെ ഉഗ്ര ശബ്ദമാണ് കേട്ടത്-അബു ഹമദ പറഞ്ഞു. 'ഉടനെ താന്‍ 'മകനേ, മകനേ' എന്നു വിളിച്ചുകൊണ്ട് തെരുവിലിറങ്ങി.
എന്റെ ജീവിതം മുഴുവന്‍ അവനാണ്'
ഇവരുടെ വീടിനോട് ചേര്‍ന്നുള്ള സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികളടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 'ഞാന്‍ ആദ്യം കണ്ടത് എന്റെ മകന്റെ ഉറ്റ സുഹൃത്തിന്റെ മൃതദേഹമാണ്. അപ്പോഴാണ് ഞാന്‍ നിലവിളിച്ചതും എന്റെ മകനും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് അറിഞ്ഞത്- അബു ഹമദ പറഞ്ഞു. 'മിനിറ്റുകള്‍ക്ക് ശേഷം ഞാന്‍ എന്റെ മകനെ കണ്ടെത്തി. അവന്‍ രക്തത്തില്‍ കുളിച്ചു നിലത്തു കിടക്കുകയായിരുന്നു. ആംബുലന്‍സിനെ വിളിക്കാന്‍ ഞാന്‍ ഏറെ ഉറക്കെ നിലവിളിച്ചു.
15 വര്‍ഷം നീണ്ട കാത്തിരിപ്പിനെടുവിലാണ് തനിക്ക് ഖലീലിനെ ലഭിച്ചത്. 'എന്റെ ജീവിതം മുഴുവന്‍ അവനാണ്. എനിക്ക് അവനല്ലാതെ മറ്റാരുമില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല-അബു ഹമദ കരഞ്ഞുകൊണ്ട് പറഞ്ഞു.