വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചു; എട്ടര മുതല്‍ പൊതുദര്‍ശനം
പാലക്കാട്: കല്ലടിക്കോട് പനയമ്പാട് സിമന്റ് ലോറി അപകടത്തില്‍ മരിച്ച നാല് വിദ്യാര്‍ഥിനികളുടെയും മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചു. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ ആയിശ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം-നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം-ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് തുപ്പനാടിന് സമീപം ചെറൂളിയിലുള്ള വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് എത്തിച്ചത്. ചെറൂളിയില്‍ അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച നാലു പേരുടെയും വീടുകള്‍. മൃതദേഹത്തില്‍ ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം രാവിലെ 8.30 മണി മുതല്‍ 10 വരെ തുപ്പനാട് കരിമ്പനക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. അതിന് ശേഷം തുപ്പനാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തും. വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാലുമാണ് സ്‌കൂളിലെ പൊതുദര്‍ശനം വേണ്ടെന്നുവെച്ചത് എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്.
അതേസമയം, സംഭവത്തില്‍ മറ്റൊരു ലോറി ഡ്രൈവറായ മലപ്പുറം സ്വദേശി പ്രജീഷ് ജോണിനെ കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ലോറി ഇടിച്ചാണ് സിമന്റ് ലോറി വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു.