മയക്കുമരുന്ന് കടത്ത്: ബോളിവുഡ് നടിയെ ഷാര്‍ജയില്‍ കുടുക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍
ദുബയ്: മയക്കുമരുന്ന് കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ക്രിസന് പെരേരയെ കുടുക്കിയെന്ന് ആരോപിച്ച് രണ്ട് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുംബൈ ബോറിവാലിയില്‍ താമസിക്കുന്ന ആന്റണി പോള്‍, ഇയാളുടെ കൂട്ടാളിയായ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലക്കാരനായ രവി എന്ന രാജേഷ് ബബോട്ടെ എന്നിവരെയാണ് പിടികൂടിയത്. ട്രോഫിയില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി താരത്തെ ഷാര്‍ജയിലേക്ക് അയക്കുകയും യുഎഇ അധികൃതര്‍ പിടികൂടിയ നടിയ ഷാര്‍ജ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ക്രിസന് പെരേരയുടെ കൈവശമുണ്ടായിരുന്ന ട്രോഫിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യം ഷാര്‍ജയില്‍ വച്ച് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ഷാര്‍ജ ജയിലില്‍ ഇപ്പോള്‍ തടവില്‍ കഴിയുകയാണ് നടി. നടിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈ പോലിസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. നടിയുടെ മാതാവ് പ്രമീള പെരേരയോടുള്ള പ്രതികാരമായാണ് ക്രിസാനെ കേസില്‍ കുടുക്കാന്‍ പോള്‍ പദ്ധതിയിട്ടതെന്നാണ് പോലിസ് കണ്ടെത്തല്‍.
ഒരു അന്താരാഷ്ട്ര വെബ് സീരീസിനായുള്ള ഓഡിഷനായി ക്രിസനെ യുഎഇയിലേക്ക് അയയ്ക്കാന്‍ പോള്‍ തന്റെ കൂട്ടാളി രവിയുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു. വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ മയക്കുമരുന്ന് ഒളിപ്പിച്ച ട്രോഫി യുവതിക്ക് കൈമാറിയെന്നാണ് പോലിസ് പറയുന്നത്. സമാനമായ രീതിയില്‍ പോള്‍ മറ്റ് നാല് പേരെയും കുടുക്കിയതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. മുംബൈയിലെ മലാഡ്, ബോറിവലി പ്രദേശങ്ങളില്‍ ബേക്കറി നടത്തുകയാണ് പോള്‍. ക്രിസന്റെ മാതാവ് പ്രമീള താമസിക്കുന്ന അതേ കെട്ടിടത്തിലാണ് പോളിന്റെ ഒരു സഹോദരി താമസിക്കുന്നത്. 2020ല്‍ കൊവിഡ്19 ലോക്ക്ഡൗണ്‍ സമയത്ത് പോള്‍ തന്റെ സഹോദരിയെ കാണാന്‍ പോയപ്പോള്‍ പ്രമീളയുടെ വളര്‍ത്തുനായ ഇയാള്‍ക്കു നേരെ കുരയ്ക്കുകയും കടിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
നായയെ കസേര എടുത്ത് അടിക്കാന്‍ പോള്‍ ശ്രമിച്ചത് കണ്ട പ്രമീള കെട്ടിടത്തിലെ മറ്റ് താമസക്കാരുടെ മുന്നില്‍ വച്ച് തന്നെ അസഭ്യം പറഞ്ഞതിലെ പ്രതികാരമാണ് നടിയെ കുടുക്കിയതെന്നാണ് പോലിസ് പറയുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ അധികാരികളുമായി പോലിസ് ബന്ധപ്പെട്ട്, പ്രതികള്‍ നടിയെ കുടുക്കിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎഇ അധികൃതരെ അറിയിക്കുമെന്ന് പോലിസ് അറിയിച്ചു.