കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തനരംഗത്തെ സജീവസാന്നിധ്യമായ ഇ അബൂബക്കറിന്റെ അഞ്ചുപതിറ്റാണ്ട് പിന്നിട്ട ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തേജസ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച്ച വൈകീട്ട് നാലിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.
അരനൂറ്റാണ്ടിലേറെയായി സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവസാന്നിധ്യമാണ് ഇ അബൂബക്കര്‍. ഐഡിയല്‍ സ്റ്റുഡന്റ് ലീഗ് മുതല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്ഡിപിഐ) വരേയും ബാബരി മസ്ജിദ് സംരക്ഷണ സമിതി മുതല്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വരെയുമുള്ള വിവിധങ്ങളായ ഒരു ഡസനിലധികം സംഘടനകളില്‍ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഇമാറത്തെ ശരീഅ ബീഹാര്‍, ഒഡീഷ, ഝാര്‍ഖണ്ഡ് അമീര്‍ മൗലാനാ വലി ഫൈസല്‍ റഹ്മാനി ചടങ്ങില്‍ മുഖ്യാതിഥിയാവും. കെ മുരളീധരന്‍ എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി ടി എ റഹീം എംഎല്‍എ, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുര്‍റഹ്മാന്‍, ഇ എം അബ്ദുര്‍റഹ്മാന്‍, എഴുത്തുകാരന്‍ ഡോ.കൂട്ടില്‍ മുഹമ്മദലി, ഡോ.പി പി അബ്ദുല്‍ ഹഖ്, എ വാസു, എന്‍ പി ചെക്കുട്ടി, പ്രഫ.പി കോയ, വി പ്രഭാകരന്‍, വി പി നാസറുദ്ദീന്‍, എം മുഹമ്മദലി ജിന്ന, യാസിര്‍ ഹസന്‍, സി പി മുഹമ്മദ് ബഷീര്‍, പി അബ്ദുല്‍ ഹമീദ്, സി എം നജീബ്, പി എം ജസീല തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.