എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

കൊവിഡിന്റെ മൂന്നാംതരംഗം ഇന്ത്യയില്‍ അവസാനഘട്ടത്തിലാണ്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിശോധിക്കുന്നത്.

Update: 2022-02-19 01:18 GMT

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. കൊവിഡിന്റെ മൂന്നാംതരംഗം ഇന്ത്യയില്‍ അവസാനഘട്ടത്തിലാണ്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിശോധിക്കുന്നത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ദേശീയ സാങ്കേതിക ഉപദേശകസമിതി (എന്‍.ടി.എ.ജി.ഐ.). അടുത്തയാഴ്ച യോഗംചേരും.

നാലുമാസംവരെയാണ് ബൂസ്റ്റര്‍ ഡോസിന് പ്രതിരോധം നല്‍കാനാവുക. ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസുകള്‍ ഗുണത്തേക്കാള്‍ ദോഷംചെയ്‌തേക്കാമെന്ന യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ മുന്നറിപ്പുണ്ട്. പ്രതിരോധസംവിധാനത്തെ പ്രതികൂലമായി ബാധിക്കാമെന്നതിനാല്‍ ബൂസ്റ്റര്‍ ഡോസ് ശുപാര്‍ശചെയ്യില്ലെന്നും ഏജന്‍സി വ്യക്തമാക്കുന്നു.

അതേസമയം, രണ്ടുകോടി കൗമാരക്കാര്‍ക്ക് കൊവിഡ് വാക്‌സിന്റെ രണ്ടുഡോസും നല്‍കിയതായി ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്തെ യുവാക്കള്‍ വാക്‌സിന്‍ യജ്ഞം വിജയകരമായ അടുത്തഘട്ടത്തിലേക്കെത്തിച്ചെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. അര്‍ഹതയുള്ളവര്‍ എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്നും ആവശ്യപ്പെട്ടു. ആകെ 7.5 കോടി കൗമാരക്കാര്‍ക്കാണ് വാക്‌സിന് അര്‍ഹതയുള്ളത്. ജനുവരി മൂന്നിനാണ് ഇവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചത്.

Tags:    

Similar News