ലബ്‌നാന്‍-സിറിയ അതിര്‍ത്തിയില്‍ സംഘര്‍ഷം; 10 പേര്‍ കൊല്ലപ്പെട്ടു, വെടിനിര്‍ത്തല്‍ കരാറായി
ബെയ്‌റൂത്ത്/ദമസ്‌കസ്: ലബ്‌നാന്‍-സിറിയ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു സിറിയന്‍ സൈനികരും ഏഴ് ലബ്‌നാന്‍ പൗരന്‍മാരും കൊല്ലപ്പെട്ടു. 52 ലബ്‌നാന്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റു.ലബ്‌നാനില്‍ നിന്നും ഹിസ്ബുല്ല പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി മൂന്നു സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സിറിയന്‍ സര്‍ക്കാര്‍ ആരോപിച്ചു. ആരോപണം ഹിസ്ബുല്ല നിഷേധിച്ചു.
⚠️ HTS militants in Syria are launching rockets and firing heavy machine guns at Lebanese border towns, targeting areas with no Hezbollah presence—only Lebanese Army positions and civilian homes. This reckless aggression threatens Lebanon's sovereignty and the safety of its… pic.twitter.com/DguzhFlb4M
— Hala Jaber (@HalaJaber) March 17, 2025
വടക്ക് കിഴക്കന്‍ ലബ്‌നാനില്‍ അതിക്രമിച്ചു കയറിയ സിറിയന്‍ സൈനികരെ ആദിവാസി വിഭാഗങ്ങളാണ് കൊലപ്പെടുത്തിയതെന്ന് ലബ്‌നാന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. തങ്ങളുടെ പ്രദേശത്തെ വിദേശികള്‍ ആക്രമിക്കുകയാണോ എന്ന് കരുതിയാണ് ആദിവാസി വിഭാഗങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയതെന്നും ലബ്‌നാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം സിറിയന്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ സിറിയന്‍ സൈന്യം ലബ്‌നാനിലേക്ക് ഷെല്ലിങ് നടത്തി. ലബ്‌നാനിലെ അല്‍ ഖസര്‍ നഗരത്തിന് നേരെയാണ് പ്രധാനമായും ഷെല്ലിങുണ്ടായത്. സിറിയന്‍ സൈന്യത്തിന്റെ പ്രകോപനങ്ങളെ നേരിടാന്‍ ലബ്‌നാന്‍ പ്രസിഡന്റ് ജോസഫ് അഔന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. അതേസമയം, ടാങ്കുകള്‍ മറ്റുമായി സിറിയന്‍ സൈന്യവും അതിര്‍ത്തിയിലെത്തി.ഇതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടത്തി വെടിനിര്‍ത്തലിന് കരാറുണ്ടാക്കി.
അതേസമയം, ഇസ്രായേലി സൈന്യം തെക്കന്‍ സിറിയയിലെ ദെറാ പ്രദേശത്ത് വ്യോമാക്രമണം നടത്തി. ഇതില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബശ്ശാറുല്‍ അസദിന്റെ കാലത്തെ സൈനികത്താവളത്തെയാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.

