വില്‍പ്പനക്കുള്ളത് ഹലാല്‍ ഭക്ഷണമെന്ന് മക്‌ഡൊണാള്‍ഡ്; ബഹിഷ്‌കരണ ആഹ്വാനവുമായി സംഘപരിവാരം
തങ്ങളുടെ മുഴുവന്‍ റസ്‌റ്റോറന്റുകളിലും ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്നതായി മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യ അറിയിച്ചതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്‌കരണ ആഹ്വാനവുമായി തീവ്രവലതുപക്ഷ അക്കൗണ്ടുകള്‍ മുന്നോട്ട് വന്നത്.
ന്യൂഡല്‍ഹി: സൊമാറ്റോക്കു പിന്നാലെ യുഎസ് ഫാസ്റ്റ് ഫുഡ് ഭീമനായ മക്‌ഡൊണാള്‍ഡ്‌സിനും സംഘപരിവാരത്തിന്റെ ബഹിഷ്‌കരണ ഭീഷണി. തങ്ങളുടെ മുഴുവന്‍ റസ്‌റ്റോറന്റുകളിലും ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്നതായി മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യ അറിയിച്ചതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്‌കരണ ആഹ്വാനവുമായി തീവ്രവലതുപക്ഷ അക്കൗണ്ടുകള്‍ മുന്നോട്ട് വന്നത്. #BoycottMcDonalds എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗിനും ഇക്കൂട്ടര്‍ തുടക്കമിട്ടിട്ടുണ്ട്.
ഹിബ ഇല്‍യാസ് എന്ന കസ്റ്റമറുടെ ചോദ്യത്തിന് മക്‌ഡൊണാള്‍ഡ് നല്‍കിയ മറുപടിയെ തുടര്‍ന്നാണ് ബഹിഷ്‌ക്കരണ ആഹ്വാനം ഉടലെടുത്തത്. മക്‌ഡൊണാള്‍ഡിന് ഇന്ത്യയില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യം. എല്ലാ റെസ്റ്ററന്‍ഡിനും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കമ്പനി മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യം റസ്റ്ററന്‍ഡ് മാനേജര്‍മാരോട് ചോദിച്ച് മനസ്സിലാക്കാമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ഒരു സംഘം മക്‌ഡൊണാള്‍ഡിനെതിരെ ബഹിഷ്‌കരണ ഹാഷ്ടാഗുകളുമായി മുന്നോട്ട് വന്നത്.
ഹലാല്‍ രീതിയില്‍ അറുത്ത ജീവികളുടെ മാംസം ഹിന്ദു, സിഖ് മതവിശ്വാസികള്‍ക്ക് വിളമ്പുന്നത് ശരിയല്ലെന്നാരോപിച്ചാണ് മക്‌ഡൊണാള്‍ഡ്‌സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം. ഒറ്റവെട്ടിന് കഴുത്ത് ഛേദിക്കുന്ന 'ജട്ക' രീതിയിലുള്ള മാംസമാണ് ഹിന്ദുക്കള്‍ക്ക് വേണ്ടതെന്നും മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റുകളില്‍ ഈ രീതിയിലുള്ള ഭക്ഷണം ആവശ്യപ്പെടണമെന്നും ട്വീറ്റുകളില്‍ പറയുന്നു.
ജൂലൈയില്‍ ഓണ്‍ലൈന്‍ ഭക്ഷണ ആപ്ലിക്കേഷനായ സൊമോട്ടോയ്‌ക്കെതിരേയും സംഘപരിവാരം ബഹിഷ്‌ക്കരണ ആഹ്വാനവുമായി മുന്നോട്ട വന്നിരുന്നു. മുസ്‌ലിമയാ ഡെലിവറി ബോയി സാധനങ്ങള്‍ കൊണ്ടുവരേണ്ടതില്ലെന്ന തീവ്രഹിന്ദുത്വവാദിയുടെ നിര്‍ദേശത്തിന് ഭക്ഷണത്തിന് മതമില്ലെന്ന് സോമോട്ടോ മറുപടി നല്‍കിയിരുന്നു. ഇതാണ് സംഘപരിവാരത്തിന്റെ അപ്രീതിക്ക് കാരണമായത്.