ഈ രോഗം ബാധിച്ചാല്‍ മരണം ഉറപ്പ്; അമീബിക് മസ്തിഷ്‌ക ജ്വരത്തെ കൂടുതല്‍ അറിയാം
സില്‍വ്യ കെ
രോഗം ബാധിച്ചവരില്‍ നൂറു ശതമാനത്തോളം പേരുടെ ജീവനെടുത്ത ഒരു രോഗമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ആശങ്ക വിതയ്ക്കുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരം എന്നാണ് അതിന്റെ പേര്. കോഴിക്കോട് സ്വദേശി കൂടി മരിച്ചതോടെ സംസ്ഥാനത്തെ ഈ വര്‍ഷത്തെ മരണം മൂന്നായി. മൂന്ന് മരണവുമുണ്ടായത് മലബാറിലാണ്. കണ്ണൂരില്‍ നിന്നുള്ള 13കാരി ദക്ഷിണ, മലപ്പുറം മുന്നിയൂരില്‍ നിന്നുള്ള അഞ്ച് വയസ്സുകാരി ഫദ് വ, ഫറോക്ക് സ്വദേശിയായ 12 വയസുകാരന്‍ മൃദുല്‍ എന്നിവരാണ് മരണപ്പെട്ടവര്‍. ജൂണ്‍ 12ന് മരിച്ച കണ്ണൂര്‍ സ്വദേശിനി ദക്ഷിണയെ ബാധിച്ചത് വെര്‍മമീബ വെര്‍മിഫോറസ് എന്ന അത്യപൂര്‍വ രോഗമാണ്. ഇങ്ങനെയൊരു അമീബ ബാധിച്ച് മരണപ്പെടുന്ന ലോകത്തെ തന്നെ രണ്ടാമത്തയാളാണ് ദക്ഷിണ. ജൂലൈ നാലിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ഫറോക്ക് സ്വദേശിയായ 12 വയസ്സുകാരന്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ഒരുകുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിച്ചത്. കുട്ടി ചികില്‍സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി.
കേരളത്തില്‍ ആദ്യത്തെ കേസ് റിപോര്‍ട്ട് ചെയ്യുന്നത് 2016ല്‍ ആലപ്പുഴയിലാണ്. കഴിഞ്ഞ വര്‍ഷം വരെ ആകെ ആറ് കേസുകള്‍ മാത്രമേ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിട്ടുള്ളു. എന്നാല്‍ ഈ വര്‍ഷം, മൂന്ന് കുട്ടികള്‍ മരണപ്പെട്ടു. 2019ലും 2020ലും മലപ്പുറത്ത് ഓരോ കുട്ടികള്‍ക്ക് രോഗം ബാധിച്ചിരുന്നു. 2020 ല്‍ കോഴിക്കോടും ഒരു രോഗബാധ സ്ഥിരീകരിച്ചിരുന്നു. 2022ല്‍ തൃശൂരിലും 2023 ല്‍ ആലപ്പുഴയിലും ഒരോ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
രോഗകാരിയായ അമീബ എങ്ങനെ ശരീരത്തിലെത്തുന്നു?
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ മൂക്കിനുള്ളിലേക്ക് വെള്ളം കയറുകയോ ഒക്കെ ചെയ്യുന്നതിലൂടെയാണ് അമീബ തലച്ചോറിലെത്തുന്നത്. രോഗകാരിയായ അമീബയുള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നതു വഴി മാത്രമാണ് രോഗബാധയുണ്ടാവുന്നത്. ഇത്തരം അമീബയുള്ള വെള്ളം കുടിക്കുന്നത് പ്രശ്‌നകരമല്ല എന്നതാണ് ഏറെ വിചിത്രം. ഇത് മനുഷ്യനില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. സാധാരണ ഇത്തരം അമീബകള്‍ ചൂടുള്ള കാലാവസ്ഥയിലാണ് കാണപ്പെടാറുള്ളത്. തണുപ്പുകാലത്ത് അവ പ്രകടമായതിനു പിന്നിലെ കാരണം കണ്ടെത്താനായി വിദഗ്ധര്‍ പരിശോധനയിലാണ്. സാധാരണയായി അമീബ കൊണ്ട് ഉണ്ടാവുന്ന രോഗങ്ങള്‍ വയറിളക്കമോ കരളിന് പഴുപ്പോ ഒക്കെയാണ്. അണുബാധയുള്ള ഭക്ഷണങ്ങള്‍ ശരീരത്തില്‍ എത്തുക വഴിയാണ് ഈ രോഗങ്ങള്‍ ബാധിക്കുക. എന്നാല്‍ ഇവിടെ തലച്ചോറിലെ നീര്‍ക്കെട്ടിനു കാരണമാവുന്ന അമീബ ശരീരത്തിലെത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.
എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം ?
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് വരികയുമാണ് ചെയ്യുന്നത്. ഇത് ഗുരുതരമാവുകയും ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. ജപ്പാന്‍ ജ്വരം, നിപ്പ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്‌ക ജ്വരമാവുന്നവയാണ്. അത്തരത്തില്‍ അമീബ മൂലം മസ്തിഷ്‌ക ജ്വരം വരുന്ന അവസ്ഥയാണിത്. വളരെ അപൂര്‍വമായി മാത്രമേ അമീബ മനുഷ്യരില്‍ രോഗം ഉണ്ടാക്കാറുള്ളു. പലതരം അമീബകള്‍ രോഗകാരികള്‍ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ലക്ഷണങ്ങളും രോഗനിര്‍ണയവും
രണ്ടു ഘട്ടങ്ങളായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുക. ആദ്യഘട്ടത്തില്‍ പനി, തലവേദന, ഛര്‍ദ്ദി മുതലായവയാണ് കാണിക്കുക. പക്ഷേ, മറ്റു പനിക്കും ഈ രോഗലക്ഷണങ്ങള്‍ കാണുന്നതുകൊണ്ടുതന്നെ ആരും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കില്ല. രണ്ടാംഘട്ടത്തിലേക്ക് പോവുമ്പോള്‍ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തില്‍ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടര്‍ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തുകയും ചെയ്യുക.
നിപ്പ, വെസ്റ്റ്‌നൈല്‍ തുടങ്ങിയവയൊക്കെ പിസിആര്‍ ടെസ്റ്റും മറ്റും ചെയ്തതിനുശേഷമാണ് രോഗനിര്‍ണയം നടത്താനാവുക. എന്നാല്‍, ഇവിടെ മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാവും. അതായത് അമീബയില്‍ നിന്നുള്ള അണുബാധ സംശയിക്കുന്നയുടന്‍ തന്നെ നട്ടെല്ലില്‍ നിന്ന് നീര് കുത്തിയെടുത്ത് പരിശോധിക്കണം. അത് പലപ്പോഴും നടക്കുന്നത് വളരെ വൈകിയ ശേഷമായിരിക്കും എന്നതാണ് പ്രധാന പ്രശ്‌നം.
പ്രധാന വെല്ലുവിളികള്‍
അണുബാധയേറ്റാല്‍ മരണസാധ്യത കൂടുതലാണ് എന്നതാണ് പ്രധാന വെല്ലുവിളി. ആഗോളതലത്തില്‍ തന്നെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാവും. നൂറുശതമാനത്തിന് അടുത്താണ് മരണനിരക്ക്. അതായത് വെറും നാലോ അഞ്ചോ കുട്ടികള്‍ മാത്രമായിരിക്കും രോഗത്തെ അതിജീവിച്ചിട്ടുണ്ടാവുക. അതിന് പ്രധാനമായും രണ്ട് കാരണങ്ങള്‍ ആണുള്ളത്. അതിലൊന്ന് രോഗം വഷളാവുന്ന ഘട്ടത്തിലേക്ക് പോവുന്നതിന് മുമ്പേ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടാവും എന്നതാണ്. മറ്റൊന്ന് ഫംഗസ് ബാക്റ്റീരിയല്‍ ട്രീറ്റ്‌മെന്റിന് കൊടുക്കുന്ന കോമ്പിനേഷന്‍ മരുന്നുകള്‍ തുടക്കത്തില്‍ തന്നെ കൊടുക്കാനാവുന്നു എന്നതാണ്.
രോഗം സ്ഥിരീകരിച്ചാല്‍ തന്നെ അതിനുതകുന്ന മരുന്ന് നല്‍കാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. പക്ഷേ, പലപ്പോഴും രോഗനിര്‍ണയം വൈകുന്നതും സാധാരണമല്ലാത്ത രോഗമായതിനാല്‍ കൊടുക്കേണ്ട മരുന്നുകളെക്കുറിച്ചുള്ള ആശയക്കുഴപ്പവും മരുന്നുകളുടെ ലഭ്യതയില്ലായ്മയുമൊക്കെ അപകടസാധ്യത വര്‍ധിപ്പിക്കും. പലപ്പോഴും വൈറല്‍ പനിയാണ് എന്നു കരുതി സ്വയംചികില്‍സ നടത്തി അപസ്മാരമൊക്കെ ആയതിനുശേഷമാവും ഡോക്ടര്‍മാരുടെ അടുക്കലെത്തുക. അപ്പോഴേക്കും സമയം ഏറെ വൈകിയിട്ടുമുണ്ടാവും.
പ്രതിരോധം എങ്ങനെ?
കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയില്ലാത്ത വെള്ളം, മൂക്കിലൂടെയും മറ്റും വെള്ളമൊഴിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്തരം അമീബ ശരീരത്തിലെത്തുക. അതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം കയറാതെ സൂക്ഷിക്കുകയും, രോഗബാധ റിപോര്‍ട്ട് ചെയ്ത പ്രദേശത്ത് കൂടുതല്‍ നിരീക്ഷണം നടത്തുക എന്നിവ പാലിക്കേണ്ടത് പ്രധാനമാണ്.
നേരത്തേ റിപോര്‍ട്ട് ചെയ്തത് അഞ്ചുപേര്‍ക്ക്
ഇതിന് മുമ്പ് സംസ്ഥാനത്ത് 5 പേര്‍ക്കാണ് ഈ രോഗം ബാധിച്ചത്. 2016ല്‍ ആലപ്പുഴ ജില്ലയില്‍ തിരുമല വാര്‍ഡില്‍ ഒരു കുട്ടിക്ക് ഇതേ രോഗം ബാധിച്ചിരുന്നു. ആദ്യം പനിയാണ് വന്നത്. തലവേദന, കാഴ്ച മങ്ങല്‍ തുടങ്ങിയവയൊക്കെ കണ്ടതോടെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരസ്പരബന്ധമില്ലാത്ത പെരുമാറ്റവും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ മസ്തിഷ്‌കജ്വരം ആണെന്ന് സംശയിക്കുകയും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും ഈരോഗം ബാധിച്ചിരുന്നു. ഇനി ആഗോളതലത്തില്‍ നോക്കുകയാണെങ്കില്‍ യുഎസില്‍, 1962നും 2021നും ഇടയില്‍ ഈ രോഗബാധിതരായ 154 പേരില്‍ നാലുപേര്‍ മാത്രമാണ് രോഗത്തെ അതിജീവിച്ചിത്. അതിനാല്‍ തന്നെ ഇതിന്റെ മരണനിരക്ക് 98 ശതമാനമാണ്. അത്യപൂര്‍വവും അതിജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതുമായ ഈ രോഗബാധം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് ഏറ്റവും പ്രധാനം. മലിനജലത്തില്‍ കുളിക്കാതിരിക്കുക എന്നാണ് അതില്‍ ആദ്യത്തേത്. പിന്നെ, പനി ബാധിച്ചാല്‍ നിസ്സാരമായിക്കണ്ട് സ്വയം ചികില്‍സയ്ക്കു നില്‍ക്കരുത്. ഏറ്റവും വേഗം തന്നെ ഡോക്ടറെ സമീപിക്കുക.