ബ്രിട്ടീഷ് സൈന്യത്തിനെതിരേ ഗുരുതര ആരോപണം; ഇറാഖിലും അഫ്ഗാനിലും സാധാരണക്കാരെ കൊന്നു തള്ളി

'മിഡില്‍ ഈസ്റ്റ് ഐ' നടത്തിയ അഭിമുഖത്തിലാണ് ഭീതിദമായ ഈ റിപോര്‍ട്ട് പുറത്തുവന്നത്. അഫ്ഗാനിലും ഇറാഖിലും വിന്യസിച്ച നിരവധി മുന്‍ ബ്രിട്ടീഷ് സൈനികരുമായി അഭിമുഖം നടത്തിയാണ് 'മിഡിലീസ്റ്റ് ഐ' റിപ്പോര്‍ട്ട് തയാറാക്കിയത്.

Update: 2019-02-05 12:35 GMT

ലണ്ടന്‍: ഇറാഖിലും അഫ്ഗാനിലും നിരായുധരായ സാധാരക്കാരെ വെടിവെച്ചു കൊല്ലാന്‍ തങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് സൈനികര്‍. 'മിഡില്‍ ഈസ്റ്റ് ഐ' നടത്തിയ അഭിമുഖത്തിലാണ് ഭീതിദമായ ഈ റിപോര്‍ട്ട് പുറത്തുവന്നത്.

അഫ്ഗാനിലും ഇറാഖിലും വിന്യസിച്ച നിരവധി മുന്‍ ബ്രിട്ടീഷ് സൈനികരുമായി അഭിമുഖം നടത്തിയാണ് 'മിഡിലീസ്റ്റ് ഐ' റിപ്പോര്‍ട്ട് തയാറാക്കിയത്.


കുഞ്ഞുങ്ങളും കൗമാരക്കാരും കൊല്ലപ്പെട്ടു


നിരവധി കുഞ്ഞുങ്ങളും കൗമാരക്കാരും ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടതായി സൈനികരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്ക് സംശയം തോന്നുന്നവരെയും മൊബൈല്‍ ഫോണോ മണ്‍വെട്ടിയോ കൈയ്യിലുള്ളവരേയും വെടിവെച്ചിടാന്‍ തങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നതായി തെക്കന്‍ ഇറാഖില്‍ വിന്യസിക്കപ്പെട്ട ബ്രിട്ടീഷ് കാലാള്‍പ്പടയിലെ രണ്ടു സൈനികര്‍ സമ്മതിച്ചു.ഞങ്ങള്‍ക്ക് നിരായുധരായ ആരെയും വെടിവെക്കാനുള്ള അധികാരമുണ്ടായിരുന്നു. ഇതിനായുള്ള നിയമം ലഘുവായിരുന്നുവെന്നും മറ്റൊരു സൈനികന്‍ വെളിപ്പെടുത്തുന്നു.'തീവ്രവാദികളെ' സഹായിക്കുന്നുവെന്നും റോഡരികില്‍ ബോംബ് സ്ഥാപിക്കുന്നുവെന്നും ആരോപിച്ചായിരുന്നു നിരായുധരായ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് അഭിമുഖത്തില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.


അഫ്ഗാനില്‍ നിരവധി പേരെ കൊന്നു


അഫ്ഗാന്‍ കുരുന്നുകളെ താന്‍ വെടിവച്ചതായി റോയല്‍ മറൈന്‍ സൈനികന്‍ കുറ്റസമ്മതം നടത്തിയതായും എട്ടു വയസ്സുകാരന്റെ മൃതദേഹവുമായി അവന്റെ പിതാവ് വെടിവെച്ചതിന്റെ വിശദീകരണം ആവശ്യപ്പെട്ട് തങ്ങള്‍ക്കു മുന്‍പില്‍ എത്തിയതായും സൈനികന്‍ പറയുന്നു.


അഫ്ഗാനില്‍ തന്നെ മറ്റു രണ്ട് നിരായുധരായ കൗമാരക്കാരെ വെടിവെച്ചതായും മറ്റൊരു സൈനികനും സമ്മതിച്ചു. കുട്ടികള്‍ താലിബാന്‍ പോരാളികളാണെന്ന തെറ്റിദ്ധാരണ മൂലമാണ് നിരവധി പേരെ കൊന്നതെന്നും സൈനികര്‍ പറയുന്നു.


ഇറാഖികളേയും കൊല്ലാക്കൊല ചെയ്തു


ബസറയില്‍ നിരവധി ക്രൂരമായ വെടിവയ്പുകള്‍ക്ക് താന്‍ സാക്ഷിയായിരുന്നുവെന്നു മുന്‍ സൈനികന്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവര്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ നിരീക്ഷണത്തിലുള്ളവരാണെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


അന്വേഷണപരിധിയില്‍നിന്നു സംരക്ഷണം


സൈനിക പോലിസ് നടത്തുന്ന ഏതൊരു അന്വേഷണത്തില്‍നിന്നും സംരക്ഷിക്കാമെന്ന് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി മറ്റൊരു സൈനികന്‍ വെളിപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വരികയാണെങ്കില്‍ തങ്ങള്‍ നിങ്ങളെ സംരക്ഷിക്കുമെന്നാണ് കമാന്‍ഡര്‍മാര്‍ വാഗ്ദാനം ചെയ്തത്.


പ്രതികരിക്കാതെ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം


കുഞ്ഞു മക്കളെയുള്‍പ്പെടെ നിരവധി പേരെ നിര്‍ദാക്ഷിണ്യം കൊന്നു തള്ളിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും സംഭവത്തോട് പ്രതികരിക്കാന്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം തയ്യാറായിട്ടില്ല.

Tags:    

Similar News