ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 'കള്ളക്കടത്തുകാരന്‍' കൊല്ലപ്പെട്ടെന്ന് ബിഎസ്എഫ്; വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് കുടുംബവും മന്ത്രിയും

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൂച്ച് ബിഹാറില്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മുസ്‌ലിം യുവാവിനെ അതിര്‍ത്തി രക്ഷാസേന വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് കുടുംബം. കള്ളക്കടത്തു സംഘത്തിലെ ഒരാളെ ഏപ്രില്‍ മൂന്നിന് രാവിലെ അഞ്ചിന് വെടിവച്ചു കൊന്നു എന്നാണ് ബിഎസ്എഫ് അവകാശപ്പെട്ടിരുന്നത്. ഭോരം പാസസ്തി ഗ്രാമത്തിലെ ജഹാനുര്‍ ഹഖ് എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നാണ് കുടുംബം പറയുന്നത്. തന്റെ മകന്‍ കര്‍ണാടകത്തിലെ ബംഗളൂരിവിലാണ് ജോലിയെടുക്കുന്നതെന്നും പത്ത് ദിവസം മുമ്പാണ് തിരികെ എത്തിയതെന്നും ജഹാനുര്‍ ഹഖിന്റെ ഉമ്മ റിന ബീബി പറഞ്ഞു. '' കള്ളക്കടത്തുമായി അവന് ബന്ധമില്ല. അതിര്‍ത്തിക്ക് സമീപത്ത് അവന്റെ മൃതദേഹം കിടപ്പുണ്ടെന്ന് ചിലര്‍ അറിയിച്ചു. അവനെ വേറെ എവിടെ നിന്നെങ്കിലും പിടികൂടി കൊന്നതായിരിക്കും.''-റിന ബീബി പറഞ്ഞു.
അതിര്‍ത്തിക്ക് സമീപം 1.8 ഏക്കര്‍ ഭൂമി കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ട്. അവിടെ കൃഷി ചെയ്യാന്‍ ബിഎസ്എഫില്‍ നിന്ന് കുടുംബാംഗങ്ങളെല്ലാം പാസ് നേടിയിട്ടുമുണ്ട്. പ്രകോപനമൊന്നുമില്ലാതെ ബിഎസ്എഫ് ജഹാനുര്‍ ഹഖിനെ കൊല്ലുകയായിരുന്നുവെന്ന് വടക്കന്‍ ബംഗാള്‍ വികസന മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഉദയന്‍ ഗുഹ പറഞ്ഞു.

ഉദയന്‍ ഗുഹ
''ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവര്‍ വര്‍ഷങ്ങളായി ബിഎസ്എഫ് അതിക്രമങ്ങളുടെ ആഘാതം സഹിക്കുകയാണ്. ജഹാനുര്‍ ഹഖ് കുടിയേറ്റ് തൊഴിലാളിയായിരുന്നു. ഈദ് ആഘോഷിക്കാനാണ് അവന്‍ നാട്ടിലെത്തിയത്. അതിര്‍ത്തിയിലെ ഗ്രാമീണര്‍ക്ക് നേരെ ബിഎസ്എഫ് പലപ്പോഴും വെടിയുതിര്‍ക്കാറുണ്ട്. ഇത് അംഗീകരിക്കാനാവില്ല.''-ദിന്‍ഹട്ട എംഎല്‍എ കൂടിയായ ഗുഹ കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. ജഹാനുര്‍ ഹഖിന്റെ തുണിയുരിച്ച് പരിശോധിച്ച ശേഷമാണ് ബിഎസ്എഫ് ആക്രമിച്ചതെന്നും കൊല നടത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.