കേന്ദ്ര ബജറ്റ് 2019: പെട്രോളിനും ഡീസലിനും 2 രൂപ വര്‍ധിക്കും; പാന്‍ കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം
ഓരോ ലിറ്റര്‍ പെട്രോളും ഡീസലും വാങ്ങുമ്പോള്‍ ഇനി മുതല്‍ ഒരു രൂപ വീതം അധിക എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസും നല്‍കേണ്ടി വരും. ഇതോട് കൂടി സാധാരണ വിലവര്‍ധനയ്ക്കു പുറമേ പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് ലിറ്ററിന് രണ്ട് രൂപ വീതം കൂടും.
ന്യൂഡല്‍ഹി: വന്‍തോതില്‍ കുതിച്ചുയര്‍ന്ന് ജനങ്ങളുടെ നടുവൊടിക്കുന്ന ഇന്ധനവില വീണ്ടും വര്‍ധിക്കാന്‍ വഴിയൊരുക്കി രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ബജറ്റ്. ഓരോ ലിറ്റര്‍ പെട്രോളും ഡീസലും വാങ്ങുമ്പോള്‍ ഇനി മുതല്‍ ഒരു രൂപ വീതം അധിക എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസും നല്‍കേണ്ടി വരും. ഇതോട് കൂടി സാധാരണ വിലവര്‍ധനയ്ക്കു പുറമേ പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് ലിറ്ററിന് രണ്ട് രൂപ വീതം കൂടും. ഇന്ധനവില വര്‍ധിക്കുന്നതോടെ മറ്റ് അവശ്യവസ്തുക്കള്‍ക്ക് മുഴുവന്‍ വില കുത്തനെ ഉയരും. ഇത് സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കും. സ്വര്‍ണത്തിനും മറ്റു വിലപിടിപ്പുള്ള ലോഹങ്ങള്‍ക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സ്വര്‍ണവിലയിലും കാര്യമായ വര്‍ധനയുണ്ടാവും.
ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച മൂന്ന് ട്രില്യന്‍ ഡോളറിലെത്തുമെന്നും അവര്‍ അവകാശപ്പെട്ടു.
ധനകമ്മി കഴിഞ്ഞ വര്‍ഷത്തെ 3.4 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 3.3 ശതമാനമായി. കണക്്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ഒഴികെ 2022ഓടെ എല്ലാ വീടുകളിലും എല്‍പിജി, വൈദ്യുതി കണക്്ഷനുകള്‍ ലഭ്യമാക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.