മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച് 'ബുള്ളി ഭായ്' ആപ്പ്; ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പോലിസിനോട് ദേശീയ വനിതാ കമ്മീഷന്‍

Update: 2022-01-04 05:55 GMT

ബംഗളൂരു: മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുകയും ചിത്രങ്ങള്‍ ലേലത്തില്‍ വയ്ക്കുകയും ചെയ്യുന്ന 'ബുള്ളി ഭായ്' ആപ്പ് പുറത്തിറക്കിയ സംഭവത്തില്‍ അടിയന്തരമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി പോലിസിനോട് ദേശീയ വനിതാ കമ്മീഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് വനിതാ കമ്മീഷന്‍ കത്തയച്ചു. 'സുള്ളി ഡീല്‍സ്' ആപ്പ് വഴി മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വ്യാപകമായി അധിക്ഷേപം നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതിന് പിന്നാലെ 'ബുള്ളി ഭായ്' ആപ്പും രംഗപ്രവേശനം ചെയ്തത് ശക്തമായി അപലപിക്കേണ്ടതാണെന്ന് കത്തില്‍ പറയുന്നു.

സൈബര്‍ ഇടത്തില്‍ ഒരു സ്ത്രീക്കെതിരേ മേല്‍പ്പറഞ്ഞ കുറ്റകൃത്യമുണ്ടായതില്‍ കമ്മീഷന്‍ അങ്ങേയറ്റം വേദനയും വിഷമവും രേഖപ്പെടുത്തുന്നു. അതിനാല്‍, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടന്‍തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്- ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയ്ക്ക് എന്‍സിഡബ്ല്യു അയച്ച കത്തില്‍ പറയുന്നു. 'ബുള്ളി ഭായ്' ആപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലിസ് 21 വയസ്സുകാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ബംഗളൂരുവില്‍നിന്ന് പിടികൂടിയിരുന്നു. കുറ്റകൃത്യം അതേ പോര്‍ട്ടലായ 'GitHub' ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തണം.

'സുള്ളി ഡീല്‍സ്' ആപ്പ് വിവാദമായിട്ട് ഇത്രയും മാസങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല എന്നത് നിരാശാജനകമാണ്. തീര്‍ത്തും ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമായ വിഷയത്തില്‍ രണ്ട് കേസുകളിലും സ്വീകരിച്ച നടപടികള്‍ എത്രയും വേഗം കമ്മീഷനെ അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. മുംബൈ പോലിസ് സൈബര്‍ സെല്‍ പിടികൂടിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ പേരുവിവരങ്ങള്‍ ഇതുവരെയായും പുറത്തുവിട്ടിട്ടില്ല.

പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞത്. 21കാരനെതിരേ ഐപിസിയിലെയും ഐടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്. 'ബുള്ളി ഭായ്' എന്ന ആപ്പ് വഴിയാണ് മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രചാരണം നടത്തിയത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചാണ് അധിക്ഷേപ പ്രചാരണം നടന്നത്.

ഞായറാഴ്ച വെസ്റ്റ് മുംബൈ സൈബര്‍ പോലിസ് സ്‌റ്റേഷന്‍ 'ബുള്ളി ബായ്' ആപ്പ് ഡെവലപ്പര്‍മാര്‍ക്കും ആപ്പ് പ്രൊമോട്ട് ചെയ്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കുമെതിരേ കേസെടുത്തിരുന്നു. നേരത്തെ ഡല്‍ഹി പോലിസ് ജിറ്റ്ഹബില്‍നിന്ന് ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററില്‍ ഈ ആപ്പിനെക്കുറിച്ച് ആദ്യം ട്വീറ്റ് ചെയ്തയാളുടെ വിവരങ്ങളും പോലിസ് തേടിയിട്ടുണ്ട്. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് 'ബുള്ളി ഭായ്' ആപ്പിന്റെ നിര്‍മാതാക്കള്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

Tags:    

Similar News