മിനിമം യാത്രാക്കൂലി വര്‍ധിപ്പിക്കണം; സ്വകാര്യബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിന്
തൃശൂര്‍: ബജറ്റിലെ അവഗണനയിലും നിരക്ക് വര്‍ധന വൈകുന്നതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് മിനിമം പത്ത് രൂപ പോരെന്നാണ് ഫെഡറേഷന്‍ പറയുന്നത്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.
നിരക്ക് കൂട്ടാമെന്നേറ്റ സര്‍ക്കാര്‍ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവര്‍ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കുന്നത്. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ സമരപ്രഖ്യാപനമുണ്ടാകും ഫെഡറേഷന്‍ വ്യക്തമാക്കി.
ബജറ്റിലെ അവഗണനയില്‍ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയും സര്‍ക്കാരിന് നയാ പൈസയുടെ മുതല്‍മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയും ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാരിന് മുന്‍കൂര്‍ നികുതി നല്‍കുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയില്‍ സ്‌റ്റേജ് കാര്യേജ് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സിലും സ്‌റ്റേജ് കാര്യേജ് ബസുകള്‍ക്ക് ഉപയോഗിക്കുന്ന ഡീസലിന്റെ വില്‍പന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഫെഡറേഷന്‍ പറയുന്നത്.
ഇത് സംബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തില്‍ ഇത് സംബന്ധിച്ച് ഒരു പരാമര്‍ശവും ഇല്ലാത്ത ബഡ്ജറ്റ് തികച്ചും നിരാശാജനകമാണ്.
അയ്യായിരത്തില്‍ താഴെ മാത്രം ബസ്സുകള്‍ ഉള്ള കെഎസ്ആര്‍ടിസിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റില്‍ പന്ത്രണ്ടായിരത്തിലധികം ബസുകള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലും ഇല്ലാത്തതും ബഡ്ജറ്റില്‍ ഡീസല്‍ വാഹനങ്ങളുടെ ഹരിത നികുതിയില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തുന്നതും പ്രതിഷേധാര്‍ഹമാണ് എന്നും ഫെഡറേഷന്‍ ആരോപിച്ചിരുന്നു.