ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. മഹാരാഷ്ട്ര, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശിലെ ഗോല ഗോകര്‍നാഥ്, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മുനുഗോഡ്, ഒഡീഷയിലെ ധാംനഗര്‍, ഹരിയാനയിലെ ആംപൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ജനഹിതമാണ് ഇന്ന് അറിയുക. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടത്തിയത്.
മഹാരാഷ്ട്ര അന്ധേരി ഈസ്റ്റില്‍ ശിവസേന ഉദ്ധവ് പക്ഷ സ്ഥാനാര്‍ഥി ഋതുജക് വിജയമുറപ്പിച്ചു. തെലങ്കാനയിലേയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലേയും ബിഹാറിലെയും ഫലം ബിജെപിക്ക് നിര്‍ണായകമാണ്. മൊകമാന്‍, ഗോപാല്‍ഗഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഹിമാചല്‍പ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളെയും ഫലം ബാധിക്കും. തെലങ്കാനയിലും ഹരിയാനയിലും എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. കോണ്‍ഗ്രസ് എംഎല്‍എ കോമതി റെഡ്ഡി രാജ്‌ഗോപാല്‍ റെഡ്ഡി രാജിവച്ച് ബിജെപിയിലേക്ക് മാറിയതിനെത്തുടര്‍ന്നാണ് തെലങ്കാനയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന കുല്‍ദീപ് ബിഷ്‌ണോയി രാജിവച്ച് ബിജെപിയിലേക്ക് മാറിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
ഉത്തര്‍പ്രദേശിലെ ഗോല ഗോകര്‍നാഥില്‍ 55.68 ശതമാനം, ഒഡീഷയിലെ ധാംനഗര്‍ 66.63 ശതമാനം, മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ 31.74 ശതമാനം, തെലങ്കാനയിലെ മുനു ഗോഡ് 77.55 ശതമാനം, ഹരിയാനയിലെ ആദംപൂര്‍ നിയമസഭാ സീറ്റില്‍ 75.25 ശതമാനം, ബിഹാറിലെ ഗോപാല്‍ഗഞ്ച് സീറ്റില്‍ 48.35 ശതമാനം, മൊകാമയില്‍ 52.47 ശതമാനം എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്. ഗുജറാത്തില്‍ ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ടുഘട്ടത്തിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 12ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിനൊപ്പം ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ആദ്യഘട്ടത്തില്‍ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തില്‍ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്.