ന്യൂഡല്‍ഹി: സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിശീലനം നല്‍കുന്ന 'എഡ്‌ടെക്' കമ്പനിയായ ബൈജൂസ് ലേണിങ് ആപ്പ് 2,500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ വിവിധ തലങ്ങളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് മണികണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ റിപോര്‍ട്ടുകള്‍. 'Toppr, WhiteHat Jr, and its core Team എന്നിവയില്‍ നിന്നുള്ള മുഴുവന്‍ സമയ കരാര്‍ ജീവനക്കാരെയും സെയില്‍സ്, മാര്‍ക്കറ്റിങ്, ഓപറേഷന്‍സ്, കണ്ടന്റ്, ഡിസൈന്‍ ടീമുകള്‍ എന്നിവരെയുമാണ് ബൈജൂസ് പിരിച്ചുവിട്ടത്.
ജൂണ്‍ 27 നും ജൂണ്‍ 28 നും ബൈജൂസ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഏറ്റെടുത്ത രണ്ട് കമ്പനികളായ Toppr, WhiteHat Jr എന്നിവിടങ്ങളില്‍ നിന്ന് 1,500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ ജൂണ്‍ 29ന് അതിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഏകദേശം 1,000 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച് ഇമെയില്‍ അയച്ചു- റിപോര്‍ട്ട് പറയുന്നു.
രണ്ടുവര്‍ഷത്തിനിടയില്‍ കമ്പനിയിലുണ്ടായ അമിത വളര്‍ച്ചയ്ക്ക് പിന്നാലെയാണ് പെട്ടെന്നുള്ള ചെലവ് കുറയ്ക്കലിലേക്ക് കമ്പനി കടന്നിരിക്കുന്നത്. ഗ്രൂപ്പ് കമ്പനികളിലുടനീളം അവര്‍ ഉള്ളടക്കം, സൊല്യൂഷന്റൈറ്റിങ്, ഡിസൈന്‍ ടീമുകളുടെ എണ്ണം ഗണ്യമായി കുറച്ചു. ഈ ടീമുകളില്‍ ചിലതില്‍ ഒരു ജീവനക്കാരന്‍ പോലുമില്ലാത്ത സ്ഥിതിയാണ്. നേരത്തെ ബൈജൂസ് കമ്പനിയുടെ പേര് നേരിട്ട് വരാതിരിക്കാന്‍ അവര്‍ ഏറ്റെടുത്ത കമ്പനികളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു.
എന്നാല്‍. ഇപ്പോള്‍ പ്രധാന മേഖലകളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപോര്‍ട്ട് പറയുന്നു. ടോപ്പറില്‍ നിന്ന് മാത്രം 1,200 ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിട്ടുണ്ട്. ടോപ്പറില്‍ നിന്നുള്ള 300- 350 സ്ഥിരം ജീവനക്കാരെ പിരിച്ചുവിടുകയും 300 ജീവനക്കാരോട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും അല്ലെങ്കില്‍ അവര്‍ക്ക് ഏകദേശം 11.5 മാസത്തേക്ക് ശമ്പളം ലഭിക്കില്ലെന്ന് അറിയിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. പിരിച്ചുവിട്ടവരില്‍ 600 ഓളം കരാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു. അവരുടെ കാലാവധി ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ അവസാനിക്കുകയാണ്.