ചെന്നൈ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്ത ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകനും കോണ്‍ഗ്രസ് മീഡിയാ പാനലിസ്റ്റുമായ സി ആര്‍ കേശവന്‍ കോണ്‍ഗ്രസ് വിട്ടു. വ്യാഴാഴ്ചയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവച്ചതായി അദ്ദേഹം പ്രഖ്യാപിച്ചത്. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റി സ്ഥാനവും അദ്ദേഹം രാജിവച്ചു. ''പാര്‍ട്ടി ഇപ്പോള്‍ നിലകൊള്ളുന്നതോ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയ കാര്യങ്ങളുമായി ഞാന്‍ യോജിക്കുന്നുവെന്ന് ഇനി സത്യസന്ധമായി എനിക്ക് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് അടുത്തിടെ ദേശീയ തലത്തിലുള്ള ഒരു സംഘടനാപരമായ ഉത്തരവാദിത്തം ഞാന്‍ നിരസിക്കുകയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തത്''- കേശവന്റെ രാജിക്കത്തില്‍ പറയുന്നു.
ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ്, പ്രസാര്‍ ഭാരതി ബോര്‍ഡംഗം, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങിയ വിവിധ റോളുകളില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും വര്‍ഷങ്ങളായി തന്നില്‍ ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കേശവന്‍ രാജിക്കത്തില്‍ നന്ദി പറഞ്ഞു. എനിക്ക് ഒരു പുതിയ പാത കണ്ടെത്താനുള്ള സമയമാണിത്. അതിനാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഞാന്‍ രാജിവയ്ക്കുന്നു. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോവുമെന്ന് ഊഹാപോഹങ്ങളുണ്ടാവും, പക്ഷേ ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല''- അദ്ദേഹം കത്തില്‍ വ്യക്തമാക്കി.