കേന്ദ്ര ജീവനക്കാരുടെ ഡിഎ മൂന്നു ശതമാനം വര്‍ധിപ്പിച്ചു; ജനുവരി ഒന്നു മുതല്‍ പ്രാബല്യം

ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല അനുസരിച്ചാണ് ഡിഎ, ഡിആര്‍ വര്‍ധന.

Update: 2022-03-30 10:25 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും (ഡിആര്‍) മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

നിലവില്‍ 31 ശതമാനമാണു ഡിഎ. പുതിയ വര്‍ധനവോടെ ഇത് 34 ശതമാനമായി ഉയരും. 1.16 കോടിയിലധികം പേര്‍ക്കു പ്രയോജനം ചെയ്യുന്നതാണു മന്ത്രിസഭാ തീരുമാനം. 47.68 ലക്ഷം ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍ക്കാര്‍ക്കുമാണ് പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കുക.

ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല അനുസരിച്ചാണ് ഡിഎ, ഡിആര്‍ വര്‍ധന. ഇതുവഴി സര്‍ക്കാരിനു വര്‍ഷം 9544 കോടിയുടെ അധിക ബാധ്യതയുണ്ടാകുക. ഇതിനു മുന്‍പ് ഒക്‌ടോബറിലാണ് ഡിഎയും ഡിആറും വര്‍ധിപ്പിച്ചത്. 28 ശതമാനമായിരുന്ന ഇവ ഒക്‌ടോബറില്‍ 31 ശതമാനമായി ഉയര്‍ത്തുകയായിരുന്നു.

വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാനാണു ഡിഎയും ഡിആറും കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നത്. എല്ലാ വര്‍ഷവും രണ്ടു തവണയാണ് ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുന്നത്. കൊവിഡ്-19 സാഹചര്യത്തില്‍ ഡിഎ, ഡിആര്‍ പരിഷ്‌കരണം മാസങ്ങളോളം നീണ്ടുപോയിരുന്നു. തുടര്‍ന്ന് 2021 ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലാണ് ഇതിനു മുന്‍പ് വര്‍ധിപ്പിച്ചത്.

Similar News