ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80-20 അനുപാതം റദ്ദാക്കല്‍: ഹൈക്കോടതി വിധി തെറ്റായ നടപടിയെന്ന് പാലോളി
സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുസ് ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ ഇടതുസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ചെയര്‍മാനാണ് പാളോലി മുഹമ്മദ് കുട്ടി.
കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി തെറ്റായ നടപടിയാണെന്നും ഇത് എല്ലാ ജനവിഭാഗങ്ങള്‍ക്കുമുള്ള ആനുകൂല്യമല്ലെന്ന് സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തണമെന്നും മുന്‍ ന്യൂനപക്ഷക്ഷേമ മന്ത്രിയും സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുസ് ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ ഇടതുസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ചെയര്‍മാനാണ് പാളോലി മുഹമ്മദ് കുട്ടി. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിനുവേണ്ടി മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ആരംഭിച്ചത്. 2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതികളില്‍ 20 ശതമാനം മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ആ തീരുമാനമാണ് ഇപ്പോള്‍ കോടതി റദ്ദാക്കിയത്. ക്രിസ്ത്യന്‍ അവശവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് അനിവാര്യമാണ്. ഈ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. തുടര്‍ന്നു വരുന്ന അനുപാതം നിലനിര്‍ത്തിയാല്‍ വീണ്ടും ആക്ഷേപം ഉയര്‍ന്നേക്കും. പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മറ്റു വഴികള്‍ ആലോചിക്കണം.
''ഞാന്‍ മന്ത്രിയായിരുന്ന സമയത്ത് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ് ലിം ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള പദ്ധതികളാണ് രൂപപ്പെടുത്തിയത്. ഇന്ത്യയിലെ മുസ് ലിംകളുടെ സ്ഥിതി പരിശോധിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച കമ്മീഷനാണ് സച്ചാര്‍ കമ്മീഷന്‍. മുസ് ലിംകളുടെ പ്രശ്‌നം മാത്രമാണ് ആ കമ്മിറ്റി പഠിച്ചത്. അതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് കേരളത്തില്‍ സംസ്ഥാനത്തിന്റെ ചെറിയ ഒരംശം ഫണ്ട് കൂടി കൂട്ടിച്ചേര്‍ത്താണ് ആ പദ്ധതി നടപ്പിലാക്കിയത്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സച്ചാര്‍ കമ്മീഷന്റെ ഫണ്ടിലേക്ക് സംസ്ഥാന സര്‍ക്കാരിന്റേതായി 20 ശതമാനം അധികം കൂട്ടിച്ചേര്‍ത്ത് ക്രിസ്ത്യന്‍ വിഭാഗത്തെക്കൂടി ആ പദ്ധതികള്‍ ഉള്‍പ്പെടുത്തുകയാണ് ഉണ്ടായത്. അവരെക്കൂടി കൂട്ടിച്ചേര്‍ത്തതിന്റെ അടിസ്ഥാനത്തില്‍ 20 ശതമാനം മാത്രമാണ് മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുണ്ടായിരുന്നത്. 80 ശതമാനം മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്കായിരുന്നു.
സാധാരണഗതിയില്‍ ഇത് കേള്‍ക്കുമ്പോള്‍ ഒരു വലിയ സംഖ്യ മുസ്ലിംങ്ങള്‍ക്കും മറ്റുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വളരെ തുച്ഛമായ സംഖ്യയുമെന്നാണ് പെട്ടെന്ന് മനസിലാക്കുക. പക്ഷേ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുസ്ലിംങ്ങള്‍ക്ക് മാത്രമായിട്ടുള്ള പദ്ധതികളായിരുന്നു അക്കാലത്ത് ആവിഷ്‌കരിച്ചത്. അതിന്റെ ഭാഗമായിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് 2015ല്‍ നടന്നത്. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ 20 ശതമാനം കൂടി അതിലേക്ക് കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ സ്വാഭാവികമായും വരുന്ന 80 ശതമാനം മുസ് ലിംകള്‍ക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എന്ന അനുപാതം തെറ്റാണെന്നാണ് ജനങ്ങള്‍ മനസ്സിലാക്കുക. ഈ തെറ്റായ, വസ്തുതാവിരുദ്ധമായ ധാരണയില്‍ നിന്നാണ് തെറ്റായ വാര്‍ത്തയുണ്ടാവുന്നത്. ഇതേ മാതൃകയില്‍ മറ്റ് സമുദായങ്ങളിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനായുള്ള പദ്ധതികളും നിലവിലുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഗണിക്കുന്നതിനുള്ള ഒരു പദ്ധതി കേരളത്തിലുണ്ട്. ഈ പദ്ധതിക്ക് പുറമെയാണ് ആ 20 ശതമാനം വരുന്നത്. എന്നാല്‍ പദ്ധതിയെക്കുറിച്ച് പൊതുവെ കേള്‍ക്കുമ്പോള്‍ 80-20 എന്ന അനുപാതത്തിലാണെന്ന് തോന്നും. അതിനുപകരം ഒരു വിഭാഗത്തിനുമാത്രമായിട്ടുള്ള പദ്ധതി നടപ്പാക്കുന്ന ഘട്ടത്തില്‍ അതിലേക്ക് സംസ്ഥാനസര്‍ക്കാര്‍ ഒരു തുച്ഛമായ സഹായം ചേര്‍ത്ത് 20 ശതമാനമായി ചേര്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിഭാഗങ്ങള്‍ക്കിടയില്‍ വിഭജനമെന്ന് വരികയും അത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രശ്‌നമാവുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അതാണിവിടെ സംഭവിച്ചതെന്നും പാളോലി മുഹമ്മദ് കുട്ടി വിശദീകരിച്ചു.
സത്യത്തില്‍ ആ പദ്ധതിയും മുസ് ലിം വിഭാഗത്തിനായുള്ള പദ്ധതിയും കൂട്ടി അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളിലെയും പാവപ്പെട്ടവര്‍ക്കുമായി ഒന്നിച്ച് ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിനെ ആരും എതിര്‍ക്കില്ല. അതാണ് ശരി. അങ്ങനെയുണ്ടാവുകയാണെങ്കില്‍ ഇത്തരമൊരു ആക്ഷേപത്തിന് അടിസ്ഥാനമുണ്ടാവില്ല. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള അവസരവും ഉണ്ടാവില്ലെന്നും പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി.
Cancellation of 80-20 ratio in minority welfare schemes: Paloli says High Court verdict is wrong