കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കല്‍: തീരുമാനം ഇന്ന്

തൃശൂര്‍ കലക്ടറുടെ അധ്യക്ഷതയില്‍ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗം രാവിലെ 10ന് ചേരും. ബസ്സുടമ സുരേഷ് കല്ലടയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Update: 2019-06-25 02:00 GMT

തൃശൂര്‍: കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. തൃശൂര്‍ കലക്ടറുടെ അധ്യക്ഷതയില്‍ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗം രാവിലെ 10ന് ചേരും. ബസ്സുടമ സുരേഷ് കല്ലടയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഏപ്രില്‍ 21ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ കൊച്ചിയില്‍ വച്ച് കല്ലട ബസിലെ ജീവനക്കാര്‍ മര്‍ദിച്ചത്. സംഭവം വിവാദമായതോടെ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ എറണാകുളം ആര്‍ടിഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റര്‍ ചെയ്തത് ഇരിങ്ങാലക്കുട ആര്‍ടിഒയുടെ കീഴിലായതിനാല്‍ തുടര്‍ നടപടികള്‍ ഇരിങ്ങാലക്കുടയിലേക്ക് മാറ്റുകയായിരുന്നു.

ഇരിങ്ങാലക്കുട ആര്‍ടിഒ ആണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. സ്വന്തം നിലയില്‍ തീരുമാനമെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. ജില്ലാ കലക്ടര്‍ ,ജില്ലാ പോലിസ് മേധാവി ആര്‍ടിഒ ഉള്‍പ്പടെയുള്ളവരടങ്ങുന്ന സമിതി എടുക്കുന്ന തീരുമാനം കോടതിയില്‍ചോദ്യം ചെയ്യുക എളുപ്പമല്ല. യോഗത്തില്‍ ഹാജരാകാന്‍ സമിതി അംഗങ്ങള്‍ക്കും കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ബസ്സിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ്് ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്കാണ് സാധ്യത.

Tags:    

Similar News