സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം മൂന്ന് തവണ പരസ്യം ചെയ്യണം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍ തങ്ങളുടെ ക്രിമിനല്‍പശ്ചാത്തലം ടിവിയിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണമെന്നാണു നിബന്ധന.

Update: 2019-03-11 01:27 GMT

ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുലിവാല് പിടിക്കും. തങ്ങള്‍ ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് മാലോകരോട് ഉറക്കെ വിളിച്ചു പറയേണ്ട സാഹചര്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍ തങ്ങളുടെ ക്രിമിനല്‍പശ്ചാത്തലം ടിവിയിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണമെന്നാണു നിബന്ധന. ഓരോ പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തുകയും വേണം.

മുഖ്യധാരാപത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും മൂന്ന് വ്യത്യസ്ത തീയതികളിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പരസ്യം നല്‍കേണ്ടത്. ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ അതും പ്രത്യേകം വ്യക്തമാക്കണം. പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളുടെ ക്ലിപ്പിങ്ങുകള്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കണം. ഓരോ സംസ്ഥാനത്തും എത്രത്തോളം ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുണ്ടെന്ന വിവരം അതത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമര്‍പ്പിക്കുകയും വേണം. കഴിഞ്ഞ ഒക്ടോബറില്‍ ഇതുസംബന്ധിച്ച നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ നിര്‍ബന്ധമാക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതില്‍ നിന്ന് പാര്‍ട്ടികളെ പിന്തിരിപ്പിക്കുകയാണ് ഇതുവഴി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. 

Tags:    

Similar News