മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ട് തന്നെയെന്ന് ടിക്കാറാം മീണ; യുവതിക്കെതിരേ കേസെടുത്തു
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ബൂത്തിലും റീ പോളിങ് നടത്തില്ല. ആറു മണിവരെ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കി. റീ പോളിങ് ആവശ്യപ്പെട്ട് ആരും കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനിടെ മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചു. മഞ്ചേശ്വരത്തെ 43ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന യുവതിയാണ് കള്ളവോട്ട് കേസില്‍ അറസ്റ്റിലായത്. നബീസയുടെ പേരില്‍ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. ബൂത്തിലെ വോട്ടറല്ലാതിരുന്ന നബീസ കള്ളവോട്ട് ചെയ്യാന്‍ തന്നെയാണ് എത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍.
നബീസയുടെ ഭര്‍ത്താവ് മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ബൂത്തിലും റീ പോളിങ് നടത്തില്ല. ആറു മണിവരെ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കി. റീ പോളിങ് ആവശ്യപ്പെട്ട് ആരും കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
എന്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്. ഒരു സംഘടനയോടും അവമതിപ്പില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ അധ്യായം അടഞ്ഞുവെന്നും മീണ വ്യക്തമാക്കി. എന്‍എസ്എസ് ജാതിയുടെ അടിസ്ഥാനത്തില്‍ വോട്ട് പിടിക്കുന്നുവെന്നും സമദൂരത്തില്‍ നിന്നും ശരിദൂരത്തിലേക്ക് പോയതെന്തിനാണെന്നും സമദൂരമല്ലേ ശരിയെന്നുമുള്ള മീണയുടെ പ്രസ്താവനയാണ് വിവാദമായത്. മീണ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് വക്കീല്‍ നോട്ടീസ് അയച്ചത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിക്കിടെയായിരുന്നു പരാമര്‍ശം.