തബ്‌ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരേ കേസെടുത്തു
ജനത കര്‍ഫ്യൂവിനെ തുടര്‍ന്ന് തങ്ങളുടെ ഡല്‍ഹി ആസ്ഥാനത്ത് കുടുങ്ങിയവരുടെ വിവരങ്ങള്‍ അധികാരികളെ അറിയിച്ചതിന്റെയും സഹായം തേടിയതിന്റെയും രേഖകളും തെളിവുകളുമായി മര്‍ക്കസ് അധികൃതര്‍ രംഗത്തുവന്നിരുന്നു.
ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ മര്‍ക്കസ് നിസാമുദ്ദീനില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആയിരങ്ങളെ താമസിപ്പിച്ചു എന്നാരോപിച്ച് നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു. തബ് ലീഗ് ജമാഅത്ത് നേതാക്കളായ മൗലാന സാദ് ഉള്‍പ്പടേയുള്ള നേതാക്കള്‍ക്കെതിരേയാണ് ഡല്‍ഹി പോലിസ് കേസെടുത്തത്.
പകര്‍ച്ചാവ്യാധി നിയമം(1897), സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് വിവിധ ഐപിസി വകുപ്പുകളും ചുമത്തിയാണ് നേതാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
അതേസമയം, തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ മര്‍ക്കസ് നിസാമുദ്ദീനില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളെ വെല്ലുവിളിച്ച് ആയിരങ്ങള്‍ കുടുങ്ങിയെന്നും, നിരവധി പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുവെന്നുമുള്ള വാര്‍ത്ത വളച്ചൊടിച്ചതെന്ന് മര്‍ക്കസ് നിസാമുദ്ദീന്‍ അധികാരികള്‍ പറഞ്ഞു. ജനത കര്‍ഫ്യൂവിനെ തുടര്‍ന്ന് തങ്ങളുടെ ഡല്‍ഹി ആസ്ഥാനത്ത് കുടുങ്ങിയ സന്ദര്‍ശകരുടെയും പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ യഥാസമയം അധികാരികളെ അറിയിച്ചതിന്റെയും അവരെ സുരക്ഷിതമായി എത്തിക്കാന്‍ സഹായം തേടിയതിന്റെയും രേഖകളും തെളിവുകളുമായാണ് മര്‍ക്കസ് അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്. മര്‍കസില്‍ മാര്‍ച്ച് 13-15 തിയ്യതികളില്‍ സമ്മേളനം നടന്നുവെന്ന വാര്‍ത്തയും മര്‍കസ് അധികൃതര്‍ നിഷേധിച്ചു. പുതിയ വെളിപ്പെടുത്തലുകള്‍ കൊറോണ രോഗഭീതിയെ വര്‍ഗീയമായി ഉപയോഗിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണോ എന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി നിസാമുദ്ദീനില്‍ മാര്‍ച്ച് 13-15 തിയ്യതികളില്‍ നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു വെന്നായിരുന്നു വിവിധ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത. കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും ഇവരില്‍ 300 പേരെ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ രോഗലക്ഷണങ്ങളോടെ എത്തിച്ചുവെന്നും വാര്‍ത്തയില്‍ പറയുന്നു. നൂറുകണക്കിനു പേരുടെ ജീവന്‍ അപകടത്തിലാക്കിയ മര്‍ക്കസ് അധികാരികള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു. പള്ളി അധികാരികള്‍ നിരവധി പേരുടെ ജീവനാണ് അപകടത്തിലാക്കിയതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.
ഇപ്പോള്‍ സര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മര്‍ക്കസ് അധികാരികള്‍. അവര്‍ നല്‍കുന്ന വിശദീകരണം ഇതാണ്:
100 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തബ്‌ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമാണ് മര്‍ക്കസ് നിസാമുദ്ദീന്‍. ലോകമെമ്പാടുമുള്ള സന്ദര്‍ശകരും അതിഥികളും നേരത്തെ ബുക്ക് ചെയ്ത് ഇവിടെ എത്തും. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ പങ്കാളിത്തം ആസൂത്രണം ചെയ്യുന്നതിനായി എല്ലാ പ്രോഗ്രാമുകളും ഒരു വര്‍ഷം മുമ്പുതന്നെ തീരുമാനിക്കാറുണ്ട്. അതൊരു നിരന്തര പ്രവര്‍ത്തിയാണ്. ഒരു പ്രത്യേക ദിവസം സമ്മേളനം നടക്കുകയായിരുന്നുവെന്ന വാര്‍ത്ത മര്‍ക്കസ് അധികാരികള്‍ നിഷേധിച്ചു.
പ്രധാനമന്ത്രി മാര്‍ച്ച് 22ന് പ്രഖ്യാപിച്ച ജനത കര്‍ഫ്യുവിനെ തുടര്‍ന്ന് അവിടെ നടന്നു വന്ന പരിപാടി ഉടന്‍ റദ്ദാക്കി. അന്നേ ദിവസം സര്‍ക്കാര്‍, ട്രയിന്‍ ഗതാഗതവും റദ്ദാക്കിയിരുന്നു. അത് കാരണം സന്ദര്‍ശരുടെ വലിയൊരു സംഘം മര്‍ക്കസ് ആസ്ഥാനത്തു കുടുങ്ങി.
രാത്രി 9 മണി വരെ ആരും പുറപ്പെടരുതെന്ന് മര്‍ക്കസ് അധികാരികള്‍ നിര്‍ദേശിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ജനത കര്‍ഫ്യൂ പിന്‍വലിക്കുന്നതിന് മുമ്പ് ഡല്‍ഹി സര്‍ക്കാര്‍, 2020 മാര്‍ച്ച് 23 രാവിലെ 6 മണി മുതല്‍ 2020 മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെയാണ് മടക്കയാത്ര മുടങ്ങിയത്. ഇതിനിടയിലും ഏകദേശം 500ഓളം പേര്‍ക്ക് മറ്റ് മാര്‍ഗങ്ങളിലൂടെ നാട്ടിലേക്ക് മടങ്ങാനായി.
മാര്‍ച്ച് 23 വൈകീട്ട് കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം വന്നു . ഓരോരുത്തരോടും അവരുള്ള ഇടങ്ങളില്‍ തുടരാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ അവിടെ കുടുങ്ങിയവരെ ആവശ്യമായ ആരോഗ്യപരിരക്ഷ നല്‍കി പാര്‍പ്പിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലാതായി എന്ന് അധികൃതര്‍ വിശദീകരിച്ചു.
മാര്‍ച്ച് 24ന് ഹസ്രത്ത് നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷന്‍ ഓഫിസര്‍ മര്‍ക്കസ് അടച്ചുപൂട്ടാന്‍ കത്തുനല്‍കി. മര്‍ക്കസ് അതിനു ശ്രമിക്കുകയാണെന്നും, കേന്ദ്രത്തില്‍ തങ്ങിയ 1500 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോയെന്നും 1000 പേര്‍ പോകാന്‍ കഴിയാതെ തുടരുകയാണെന്നും പോലിസിനെ അറിയിച്ചു. ഇവിടെ കുടുങ്ങിയവരെ കൊണ്ടുപോകുന്നതിനായി വാഹനപാസ് അനുവദിക്കണമെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോട് അപേക്ഷിച്ചു. 17 വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ നമ്പറും െ്രെഡവര്‍മാരുടെ ലൈസന്‍സ് അടക്കമുള്ള വിശദാംശങ്ങളും പരാതിക്കൊപ്പം അയച്ചു. ഇതുവരെ അനുമതി ലഭിച്ചില്ല.
മാര്‍ച്ച് 25ന് തഹസില്‍ദാര്‍ മെഡിക്കല്‍ ടീമുമായി മര്‍ക്കസിലെത്തി. മര്‍ക്കസ് അതിനോട് പൂര്‍ണമായും സഹകരിച്ചു. അവര്‍ സന്ദര്‍ശരെ പരിശോധനയക്ക് വിധേയമാക്കി. മാര്‍ച്ച് 26ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മര്‍ക്കസ് സന്ദര്‍ശിച്ചു. അദ്ദേഹം ഒരു യോഗം വിളിച്ചു. പഴയ ആവശ്യം അദ്ദേഹത്തെ വീണ്ടും അറിയിച്ചു. 27 മാര്‍ച്ച് ന് 6 പേരെ ആരോഗ്യ പരിശോധനയക്ക് കൊണ്ടുപോയി. മാര്‍ച്ച് 28 ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും ലോകാരോഗ്യസംഘടന അധികൃതരും മര്‍ക്കസിലെത്തി 33 പേരെ മെഡിക്കല്‍ പരിശോധനക്കയച്ചു.
കൊവിഡ് 19 ബാധിച്ച ആളുകള്‍ മര്‍കസില്‍ ഉണ്ടെന്നും ചിലര്‍ മരിച്ചതായും 2020 മാര്‍ച്ച് 30 ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം പരന്നു. അതോടെ മര്‍ക്കസിനെതിരേ നടപടിയെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ നിര്‍ദേശിച്ചു. സന്ദര്‍ശകരെ പിരിച്ചുവിടുന്നതിനായി മര്‍ക്കസ് നടത്തിയ സന്ദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, സഹകരണം എന്നിവ പരിഗണിക്കാതെയുള്ള നടപടിയാണ് ഇതെന്ന് മര്‍ക്കസ് മാനേജ്‌മെന്റ് ആരോപിച്ചു. തങ്ങള്‍ ഒരിക്കലും നിയമ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല. സന്ദര്‍ശകരെ തെരുവില്‍ അലഞ്ഞുനടക്കാന്‍ അനുവദിക്കാതെ ആരോഗ്യനിര്‍ദേശങ്ങള്‍ പാലിച്ചതായും തബ്‌ലീഗ് മര്‍ക്കസ് പ്രതിനിധി മൗലാന യൂസുഫ് പ്രസ്താവിച്ചു.