ജാതി സെന്‍സസ് എത്രയും വേഗം വേണം; പഠനത്തിന് ഏഴംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്

അടുത്തിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറില്‍നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി മോദിയെ കണ്ട് ജാതി തിരിച്ചുള്ള സെന്‍സസ് നടത്താന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പോലും ജാതി സെന്‍സസ് നടത്താനുള്ള ആഹ്വാനത്തെ പരസ്യമായി പിന്തുണച്ചു. ബിജെപിയില്‍തന്നെ ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ ഈ ആവശ്യം വര്‍ധിച്ചുവരികയാണ്.

Update: 2021-09-04 11:40 GMT

ന്യൂഡല്‍ഹി: ജാതി സെന്‍സസ് എത്രയും വേണം നടത്തമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. ജാതി സെന്‍സസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിക്കാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഏഴംഗ സമിതിയെ നിയോഗിച്ചു. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടപ്പാക്കുന്നതില്‍നിന്ന് ഒളിച്ചോടുന്ന മോദി സര്‍ക്കാരിനെ ഈ നീക്കം കൂടുതല്‍ സമ്മര്‍ദത്തിലാക്കും. ആര്‍എസ്എസ്സിന്റെ പ്രത്യയശാസ്ത്രമായ ജാതിരഹിത സമൂഹ പദ്ധതിക്കായിരിക്കും ജാതി സെന്‍സസ് തിരിച്ചടിയാവുക. ഇതൊക്കെ കണക്കിലെടുത്താണ് ജാതി സെന്‍സസ് വിഷയം വീണ്ടും ചൂടുള്ള ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മുതിര്‍ന്ന കക്ഷി നേതാവും മുന്‍ നിയമമന്ത്രിയുമായ മാര്‍പാടി വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലാണ് ഏഴംഗ സമിതി രൂപീകരിച്ചിരിക്കുന്നത്. മുന്‍ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പാര്‍ട്ടി നേതാക്കളായ ആര്‍ പി എന്‍ സിങ്, പി എല്‍ പുനിയ, കുദിപ് ബിഷ്‌ണോയ്, പാര്‍ട്ടി വക്താക്കളായ അഭിഷേക് മനു സിങ്‌വി, മോഹന്‍ പ്രകാശ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ലോക്‌സഭയിലെ ഭരണകക്ഷിയായ ബിജെപിയുടെ ഒരു വനിതാ എംപിയെയും ബിഹാറിലെയും ഒഡീഷയിലെയും മുഖ്യമന്ത്രിമാരെയും നിശബ്ദരാക്കി ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസില്‍ നിന്ന് 'ഒളിച്ചോടുന്നത്' എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് ചോദിച്ചു.

കുറഞ്ഞത് 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം ഉയര്‍ന്ന പരിധി കവിഞ്ഞതിനാല്‍ കൃത്യമായ അടിസ്ഥാന സാഹചര്യം വിലയിരുത്തുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ആവശ്യമാണെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു. ജാതി സെന്‍സസ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് വിട്ടുനല്‍കിയതോടെ പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലായി. ഇതോടെ സാമൂഹിക നീതി ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാതി സെന്‍സസ് നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു.

അടുത്തിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറില്‍നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി മോദിയെ കണ്ട് ജാതി തിരിച്ചുള്ള സെന്‍സസ് നടത്താന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പോലും ജാതി സെന്‍സസ് നടത്താനുള്ള ആഹ്വാനത്തെ പരസ്യമായി പിന്തുണച്ചു. ബിജെപിയില്‍തന്നെ ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ ഈ ആവശ്യം വര്‍ധിച്ചുവരികയാണ്. ഇതോടെ മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വെട്ടിലായിരിക്കുകയാണ്. ഒരു വശത്ത് ഇത് രാഷ്ട്രീയമായി വളരെ സെന്‍സിറ്റീവായ വിഷയമാണ്.

മറുവശത്ത് ആര്‍എസ്എസ് അതിന്റെ ജാതിയില്ലാത്ത ഹിന്ദു സമൂഹത്തെ തകര്‍ക്കുന്ന അത്തരം കണക്കുകള്‍ക്കെതിരേ രംഗത്തുവരികയും ചെയ്യുന്നു. 'ജാതിവിഹീന്‍ സമാജ'് സ്വപ്‌നമാണ് ആര്‍എസ്എസ്സിന്റേത്. ജാതി സെന്‍സസ് വന്നാല്‍ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തില്‍ താഴെ മാത്രമുളള തങ്ങള്‍ ഇതുവരെ വഹിച്ചുപോരുന്ന എല്ലാ പദവികളും സ്ഥാനങ്ങളും നഷ്ടപ്പെടുമെന്ന് ആര്‍എസ്എസ് അടക്കമുള്ളവര്‍ ഭയപ്പെടുന്നു. ബ്രിട്ടീഷ് രാജിന് കീഴില്‍ 1931 ലാണ് അവസാനമായി ജാതി സെന്‍സസ് നടത്തിയത്. സ്വാതന്ത്ര്യത്തിനുശേഷം മാറിമാറി വന്ന സര്‍ക്കാരുകളില്‍ മേല്‍ജാതിക്കാരുടെ ആധിപത്യമുണ്ടായിരുന്നതിനാല്‍ ജാതി ജനസംഖ്യ കണക്കാക്കുന്നതിനോട് അവര്‍ വിമുഖത കാണിക്കുകയാണ് ചെയ്തത്.

Tags:    

Similar News